ഇ.കെ.നായനാർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്: മാർസ് ഫുജൈറ ജേതാക്കൾ
Friday, February 21, 2025 11:59 AM IST
ഫുജൈറ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണാർഥം കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സംഘടിപ്പിച്ച 11-ാമത് ഇ.കെ. നായനാർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റ് അൽ ഫല ഒപ്റ്റിക്കൽസ് മാനേജിംഗ് ഡയറക്ടർ ലത്തീഫ് കണ്ണോര ഉദ്ഘാടനം ചെയ്തു.
ഫുജൈറ ക്ലബ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ടൂർണമെന്റ് കാൽപന്തുകളിയുടെ ദൃശ്യ ചാരുത ആവോളം പകർന്നു നൽകുന്നവയായിരുന്നു. ആവേശകരമായ പോരാട്ടത്തിൽ മാസ് ഷാർജയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടുത്തി മാർസ് ഫുജൈറ നായനാർ കപ്പ് കരസ്ഥമാക്കി.
മാസ് ഷാർജ രണ്ടാം സ്ഥാനവും ലയണേഴ്സ് എഫ്സി റാസൽഖൈമ മൂന്നാം സ്ഥാനവും നൈറ്റ് എഫ്സി ഫുജൈറ നാലാം സ്ഥാനവും നേടി. ടൂർണമെന്റിലെ മികച്ച താരമായി മാസ് ഷാർജയുടെ നാസിദ്, ഗോൾ കീപ്പറായി മാർസ് ഫുജൈറയിലെ ഷഫീഖ്, പ്രതിരോധ താരമായി മാർസ് ഫുജൈറയുടെ അസീബ് എന്നിവരെ തെരഞ്ഞെടുത്തു.
13 വയസിന് താഴെയുള്ള കുട്ടികളുടെ മത്സരത്തിൽ ഐഎസ്സി സ്ട്രൈക്കേഴ്സ് ഫുജൈറ ജേതാക്കളായി. ദിബ്ബ ഡിഎസ്എൽ ഫുട്ബോൾ അക്കാദമി രണ്ടാം സ്ഥാനം നേടി. ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ അഷറഫ് പിലാക്കൽ അധ്യക്ഷത വഹിച്ചു.
കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, ലോകകേരള സഭാംഗം ലെനിൻ ജി. കുഴിവേലി, മദീനാ സൂപ്പർ മാർക്കറ്റ് മാനേജിംഗ് ഡയറക്ടർ റഫീഖ്, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത്, പ്രസിഡന്റ് വിത്സൺ പട്ടാഴി, ട്രഷറർ ബൈജു രാഘവൻ, ഹഖ്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നമിത പ്രമോദ്, രഞ്ജിനി മനോജ് എന്നിവർ പങ്കെടുത്തു.
കൈരളി ഫുജൈറ യൂണിറ്റ് പ്രസിഡന്റ് പ്രദീപ് കുമാർ സ്വാഗതവും ടൂർണമെന്റ് സ്വാഗതസംഘം ജനറൽ കൺവീനർ നബീൽ നന്ദിയും പറഞ്ഞു.