യുവകലാസന്ധ്യ: രമ്യ നമ്പീശനും സംഘവും എത്തുന്നു
അനിൽ സി. ഇടിക്കുള
Saturday, February 15, 2025 12:09 PM IST
അബുദാബി: കലാ സാംസ്കാരിക പ്രസ്ഥാനമായ യുവകലാസാഹിതി ഒരുക്കുന്ന യുവകലാ സന്ധ്യ ശനിയാഴ്ച 6.30 മുതൽ കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ അരങ്ങേറും. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.
യുവകലാസാഹിതി അബുദാബിയുടെ സ്ഥാപക നേതാവും അബുദാബിയിലെ പൊതുപ്രവർത്തകനുമായിരുന്ന മുഗൾ ഗഫൂറിന്റെ അനുസ്മരണാർഥം നൽകി വരുന്ന "മുഗൾ ഗഫൂർ അവാർഡ് പി.ബാവ ഹാജി'ക്ക് സമർപ്പിക്കും.
അഞ്ച് പതിറ്റാണ്ടിലേറെ സാംസ്കാരിക - സാമൂഹ്യ - രാഷ്ട്രീയ രംഗങ്ങളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ അംഗീകരിച്ചുള്ളതാണ് പുരസ്കാരം.
തുടർന്ന് പ്രശസ്ത പിന്നണി ഗായിക രമ്യ നമ്പീശനും യുവഗായകരായ ശിഖ പ്രഭാകരനും ഫൈസൽ റാസിയും ചേർന്നൊരുക്കുന്ന സംഗീത നിശയും അരങ്ങേറും. അനുകരണ ഹാസ്യത്തിലൂടെയും പാരഡി പാട്ടുകളിലൂടെയും വിസ്മയിപ്പിക്കുന്ന സുധീർ പറവൂർ അടക്കമുള്ള കലാകാരന്മാരുടെ പരിപാടികളും നടക്കും.
1970കളിൽ കേരളത്തിൽ രൂപപ്പെട്ട കലാ സാംസ്കാരിക പ്രസ്ഥാനമായ യുവകലാസാഹിതിയുടെ പ്രചോദനം ഉൾകൊണ്ട് രണ്ടര പതിറ്റാണ്ടു മുൻപാണ് പ്രവാസ ഭൂമികയിൽ യുവകലാസാഹിതി എന്ന നാമം സ്വീകരിച്ചു പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
പ്രസിഡന്റ് റോയ് ഐ. വർഗീസ്, സെക്രട്ടറി രാകേഷ് നമ്പ്യാർ, പ്രോഗ്രാം ഡയറക്ടർ ജാസിർ, വൈസ് പ്രസിഡന്റ് ആർ. ശങ്കർ, ചന്ദ്രശേഖരൻ, ദേവു വിമൽ (ഡയറക്ടർ അൽ സാബി ഗ്രൂപ്പ് ), മനു കൈനകരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.