വിമാനയാത്രികർക്കായി ബസ് സർവീസുകൾ ആരംഭിക്കും: കെ.ബി. ഗണേഷ്കുമാർ
അനിൽ സി. ഇടിക്കുള
Wednesday, February 19, 2025 4:47 PM IST
അബുദാബി: വിമാനസമയമനുസരിച്ച് ഷെഡ്യൂൾ തയാറാക്കി പ്രവാസികൾക്കായി വിമാനത്താവളങ്ങളിൽ നിന്ന് പുതിയ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് കേരള ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ.
മൂന്ന് മാസത്തിനകം നെടുമ്പാശേരിയിൽ നിന്ന് തിരുവല്ലയിലേക്ക് രണ്ടും കോഴിക്കോട്ടേക്ക് മൂന്നും ബസുകൾ സർവീസ് നടത്തും. രണ്ട് വിമാനങ്ങളിലെ യാത്രക്കാർക്ക് ഒരു ബസ് എന്ന വിധത്തിലായിരിക്കും സർവീസ് നടത്തുക.
ആളില്ലാതെ പുറപ്പെടുന്നതിനു പകരം വിമാനം വൈകിയാൽ ബസും കാത്തുനിൽക്കും. ദീർഘദൂര യാത്രയാണെങ്കിലും ഇടയ്ക്ക് സ്റ്റോപ്പുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ മീഡിയ അബുദാബിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മന്ത്രി, മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
മൊബൈൽ ആപ്ലിക്കേഷൻ സംവിധാനം ഏർപ്പെടുത്തുമെന്നും ബസുകൾ ട്രാക്ക് ചെയ്യുന്നതിനും ബസിലെ സീറ്റുകളുടെ ലഭ്യത അറിയുന്നതിനും ഇതിലൂടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. അടുത്തമാസം അവസാനത്തോടെ ആർസി ബുക്കുകൾ ഡിജിറ്റലാകും.
പ്രവാസികളുടെ സൗകര്യാർഥം നാട്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് നേരത്തേയാക്കണമെങ്കിൽ ആർടിഒയ്ക്ക് നേരിൽ കണ്ട് അപേക്ഷ നൽകണമെന്നും മന്ത്രി അറിയിച്ചു.
യുഎഇ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉള്ളവർക്ക് നാട്ടിലെ ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവു നൽകാനാകുമോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.