നവയുഗത്തിന്റെ സഹായത്തോടെ സുരേഷ് നാട്ടിലേക്ക് മടങ്ങി
Thursday, February 20, 2025 3:14 PM IST
അൽഹസ: അസുഖബാധിതനായി സാമ്പത്തികപ്രതിസന്ധിയിലായ പ്രവാസി നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ഒരു മാസം മുമ്പാണ് ദമാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്തിരുന്ന സുരേഷ് എന്ന പ്രവാസിയ്ക്ക് കുടലിൽ പഴുപ്പ് ബാധിച്ചു അത്യാസന്നനിലയിലായത്.
കമ്പനിയുടെ ഇഖാമയോ ഇൻഷുറൻസോ ഇല്ലാത്തതിനാൽ ആശുപത്രി ചികിത്സ ബുദ്ധിമുട്ടായി വന്നു. തുടർന്ന് തന്റെ ബന്ധുവായ നവയുഗം അൽഹസ ഷുഖൈഖ് യൂണിറ്റ് മെമ്പറും നോർക്ക കൺവീനറുമായ സുജി കോട്ടൂരിന്റെ സഹായം സുരേഷ് തേടിയത്.
സുജി കോട്ടൂർ അഭ്യർഥിച്ചതനുസരിച്ചു നവയുഗം അൽഹസ ജീവകാരുണ്യവിഭാഗം സുരേഷിന്റെ കേസ് ഏറ്റെടുക്കുകയായിരുന്നു. നവയുഗം ജീവകാരുണ്യപ്രവർത്തകരായ ജലീൽ കല്ലമ്പലവും സിയാദ് പള്ളിമുക്കും കൂടി നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ സുരേഷിനെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
ചികിത്സയുടെ ഫലമായി അസുഖത്തിനു നല്ല കുറവുണ്ടാകുകയും ചെയ്തു. എന്നാൽ ഇൻഷുറൻസ് ഇല്ലാത്തതിനാൽ ചികിത്സ ചെലവ് വർധിയ്ക്കുകയും, വലിയൊരു തുക ആശുപത്രി ബില്ലായി വരികയും ചെയ്തതോടെ സുരേഷ് വീണ്ടും വിഷമത്തിലായി.
തുടർന്ന് ഷാജി മതിലകം ആശുപത്രി അധികൃതരുമായി സംസാരിച്ച് ബിൽ തുക മൂന്നിലൊന്നായി കുറയ്ക്കുകയും ചെയ്തു. എന്നിട്ടും ഡിസ്ചാർജ് ചെയ്യാൻ 37,000 റിയാലോളം തുക ബില്ലായി അടയ്ക്കാനുണ്ടായിരുന്നു.
തുടർന്ന് സിയാദ് പള്ളിമുക്ക്, ജലീൽ കല്ലമ്പലം, ഷിബു താഹിർ, സുന്ദരേഷൻ, ഹനീഫ, സൈയ്ദലവി, ഹനീഫ, അൻവർ എന്നിവരുടെ നേതൃത്വത്തിൽ നവയുഗം അൽ ഹസ മേഖല ഷുഖൈഖ് യൂണിറ്റ് കേന്ദ്രീകരിച്ചു ചികിത്സാസഹായ ഫണ്ട് സ്വരൂപിച്ചു ആശുപത്രി ബില്ല് അടച്ചു.
നവയുഗം കേന്ദ്രനേതാക്കളായ ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവം, അൽഹസ മേഖല നേതാക്കൾ എന്നിവർ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തു. തുടർന്ന് ഡിസ്ചാർജ് വാങ്ങി നവയുഗം ജീവകാരുണ്യ പ്രവർത്തകരോടും സഹായിച്ച സുമനസുകളോടും നന്ദി പറഞ്ഞുകൊണ്ട് സുരേഷ് നാട്ടിലേക്ക് മടങ്ങി.