പ്രവാസി വെൽഫെയർ മനാമ സോണൽ സംഗമം സംഘടിപ്പിച്ചു
Thursday, February 20, 2025 11:35 AM IST
മനാമ: പ്രവാസി വെൽഫെയർ മനാമ സോണൽ സംഗമം സംഘടിപ്പിച്ചു. പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കാലാകാലങ്ങളിൽ ഭരണം നടത്തിയ കേന്ദ്ര - കേരള സർക്കാറുകളിൽ നിന്നും വേണ്ടത്ര അനുഭാവ പൂർണമായ സമീപനം ഉണ്ടായിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യമാണെന്നതുകൊണ്ടു തന്നെ പ്രവാസികളുടെ പ്രശ്ന പരിഹാരത്തിന് പ്രവാസ ലോകത്തു നിന്നും കൂട്ടായ യോജിച്ച മുന്നേറ്റം ഉണ്ടാകേണ്ടതുണ്ട് എന്ന് പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡന്റ് അബ്ദുല്ല കുറ്റ്യാടി പറഞ്ഞു.
പ്രവാസി വെൽഫെയർ മനാമ സോൺ സംഘടിപ്പിച്ച പ്രവാസി വെൽഫെയറിൽ "താങ്കൾക്കും ഇടമുണ്ട്' സംഗമത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു. പല കാരണങ്ങളാൽ പ്രവാസം അവസാനിപ്പിച്ചോ തൊഴിൽ നഷ്ടപ്പെട്ടോ തിരിച്ച് വരുന്ന പ്രവാസികള്‍ക്കായി സുസ്ഥിര തൊഴില്‍ അവസരങ്ങളും പുനരധിവാസ പദ്ധതികൾ സർക്കാരുകൾ നടപ്പിലാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽകെയർ എന്ന സേവന വിംഗിലൂടെ പ്രവാസി വെൽഫെയർ സാധാരണക്കാർക്കിടയിൽ നടത്തുന്ന ഭക്ഷണ കിറ്റുകൾ, യാത്രാ ടിക്കറ്റുകൾ, തൊഴിൽ നിയമ സഹായങ്ങൾ തുടങ്ങിയ സാമൂഹിക സേവന പ്രവർത്തനങ്ങളും മെഡ്കെയർ എന്ന മെഡിക്കൽ വിംഗിലൂടെ സാധാരണക്കാർക്ക് നൽകി വരുന്ന മരുന്നുകളും മറ്റ് സൗജന്യ മെഡിക്കൽ സഹായങ്ങളും പ്രവാസി ക്ഷേമ പദ്ധതികളും പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു.
കേരളീയ സമൂഹത്തിൽ വെൽഫെയർ പാർട്ടിയുടെ പ്രസക്തിയും പാർശ്വവത്കൃത സമൂഹത്തിനുവേണ്ടി പാർട്ടി നടത്തുന്ന ജനകീയ ഇടപെടലുകളെയും കുറിച്ച് പ്രവാസി വെൽഫെയർ സെക്രട്ടറി ജോഷി ജോസഫ് സംസാരിച്ചു.
കേരള സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രവാസി ക്ഷേമ പദ്ധതികളിൽ ചേരുന്നതിന്റെ ആവശ്യകതയെ കുറിച്ച് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സദസിനോട് വിശദീകരിക്കുകയും സദസിൽ നിന്നും ഉയർന്ന അന്വേഷണങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
പ്രവാസി വെൽഫെയർ മനാമ സോണൽ സെക്രട്ടറി അസ്ലം വേളം സ്വാഗതം പറഞ്ഞ പ്രവാസി സംഗമത്തിന് അമീൻ ആറാട്ടുപുഴ നന്ദി പറഞ്ഞു. അനിൽ ആറ്റിങ്ങൽ, റഫീക് മണിയറ എന്നിവർ നേതൃത്വം നൽകി.