സൗദിയിൽ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; 14 പേർ പിടിയിൽ
Wednesday, February 19, 2025 1:00 PM IST
റിയാദ്: സൗദിയിലെ റോഡുകളിലും പൊതുഇടങ്ങളിലും ഭിക്ഷാടനത്തിനായി കുട്ടികളെ ഉപയോഗിച്ച 14 പേരെ റിയാദിൽ അറസ്റ്റ് ചെയ്തു. പിടിയിലായവർ യമനി പൗരന്മാരാണ്. യമനികളായ 27 കുട്ടികളെയാണ് ഇവർ ഭിക്ഷാടനത്തിനായി ഉപയോഗിച്ചത്.
ഭിക്ഷാടകരെ പിടികൂടുന്നതിനായുള്ള പതിവു പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. റിയാദ് പോലീസും മനുഷ്യക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റും സംയുക്തമായാണു പരിശോധന നടത്തിയത്.
ചൂഷണത്തിനു വിധേയരായ കുട്ടികൾക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി അധികാരികളോടു ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിയാദ് പോലീസ് അറിയിച്ചു.