അമേരിക്ക പാടുന്നു; ഭൂമിക്കൊരു ചരമഗീതം?
Wednesday, January 22, 2025 10:13 AM IST
ന്യൂയോർക്ക്: ആഗോളതാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം കുറച്ചുകൊണ്ടുവരാനുള്ള ആഗോളശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണ് അമേരിക്കൻ നടപടി.
ആഗോള താപനം ഉണ്ടാകുന്നതിൽ ഏറ്റവും കുറവ് സംഭാവന നൽകുന്ന വികസ്വരരാജ്യങ്ങളിലാണ് ഇതിന്റെ ഏറ്റവും വലിയ അനന്തരഫലങ്ങൾ ഉണ്ടാകുയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യം കൂടിയാണ് അമേരിക്ക.
ഭൗമതാപനില വർധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിക്കുക എന്നതാണ് പാരീസ് ഉടമ്പടിയുടെ ലക്ഷ്യം. ട്രംപിന്റെ നടപടിയെ ആഗോള കാലാവസ്ഥാ നിയന്ത്രണ ശ്രമങ്ങൾക്കുള്ള വിനാശകരമായ പ്രഹരമായാണു കാലാവസ്ഥാ പ്രവർത്തകനും സതാത് സമ്പദ ക്ലൈമറ്റ് ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടറുമായ ഹർജീത് സിംഗ് വിശേഷിപ്പിച്ചത്.
അമേരിക്കക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഉപരിയായി താത്കാലിക സാമ്പത്തിക നേട്ടങ്ങൾക്ക് അമേരിക്ക മുൻഗണന നൽകുകയാണ്. ഇതിനകംതന്നെ വർധിച്ചുവരുന്ന കാട്ടുതീയും കൊടുങ്കാറ്റും പോലുള്ള കാലാവസ്ഥാ ദുരന്തങ്ങൾ അമേരിക്കയെ ദുരിതത്തിലാഴ്ത്തുമ്പോൾ തന്നെയാണിതെന്നതും ശ്രദ്ധേയമാണ്.
ആഗോളതലത്തിൽ, എന്നത്തേക്കാളും നിർണായകമായ സമയത്ത് കാലാവസ്ഥാ വ്യതിയാനത്തിനെതിരായ കൂട്ടായ പോരാട്ടത്തെ അമേരിക്കൻ നടപടി ദുർബലപ്പെടുത്തും- ഹർജീത് സിംഗ് പറഞ്ഞു. ആഗോളതാപനത്തിന് ഏറ്റവും കുറവ് സംഭാവന നൽകുന്ന വികസ്വര രാജ്യങ്ങളിലാണ് ഇതിന്റെ ഏറ്റവും ദാരുണമായ അനന്തരഫലങ്ങൾ അനുഭവപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള കാലാവസ്ഥാ നിയന്ത്രണ ശ്രമങ്ങളിൽ, പ്രത്യേകിച്ച് ദുർബല രാജ്യങ്ങൾക്കുള്ള ധനസഹായം, ഡീകാർബണൈസേഷൻ തുടങ്ങിയ കാര്യങ്ങളിൽ യുഎസ് ചരിത്രപരമായി മികച്ച പ്രകടനമല്ല കാഴ്ചവച്ചിട്ടുള്ളതെന്ന് സിഎസ്ഇ ഡയറക്ടർ ജനറൽ സുനിത നരേൻ പറഞ്ഞു. ട്രംപ് വന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും അവർ പറഞ്ഞു.
ഇത്തരം തിരിച്ചടികൾക്കിടയിലും ബഹുമുഖമായ കാലാവസ്ഥാ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്ന് യൂറോപ്യൻ ക്ലൈമറ്റ് ഫൗണ്ടേഷൻ സിഇഒയും പാരീസ് ഉടമ്പടിയുടെ പ്രധാന ശില്പിയുമായ ലോറൻസ് ടുബിയാന പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധി ഒരു രാജ്യത്തിനും ഒറ്റയ്ക്കു നേരിടാൻ കഴിയില്ല. ബഹുമുഖമായ പ്രതികരണമാണ് ആവശ്യം.
നിലവിലെ ഘടനയെ പരിഷ്കരിക്കാനുള്ള ആഹ്വാനമായി പുതിയ പ്രതിസന്ധിയെ കാണണമെന്നും അവർ പറഞ്ഞു. പാരീസ് കാലാവസ്ഥാ ഉടമ്പടി ഏകപക്ഷീയമായ കരാറാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ പിന്മാറ്റം. പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങിവന്ന ആദ്യദിവസംതന്നെ ട്രംപ് പാരീസ് ഉടമ്പടയിൽനിന്നും പിൻവാങ്ങാനുള്ള ഉത്തരവിൽ ഒപ്പുവച്ചു.
2016 നവംബര്‍ നാലിനാണ് പാരീസ് ഉടമ്പടി നിലവിൽ വന്നത്. ഭൗമതാപനിലയിലെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷസില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക, ക്രമേണ ആ വർധന 1.5 ഡിഗ്രി സെല്‍ഷസില്‍ എത്തിക്കുക എന്നതാണ് ഉടമ്പടി അംഗീകരിച്ച രാജ്യങ്ങളുടെ ഉത്തരവാദിത്തം.