ജോ ബൈഡന്റെ വിടവാങ്ങൽ; 15ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
പി.പി. ചെറിയാൻ
Tuesday, January 14, 2025 7:03 AM IST
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തുന്നതിന് അഞ്ച് ദിവസം മുൻപ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് വിടവാങ്ങൽ പ്രസംഗം നടത്തും. ഈ മാസം 15ന് ന്യൂയോർക്ക് സമയം രാത്രി എട്ടിനാണ് ബൈഡന്റെ വിടവാങ്ങൽ പ്രസംഗമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
20നാണ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള സന്ദേശമാകും അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം തന്റെ ഭരണകാലയളവിലെ അഭിമാനകരമായ നേട്ടങ്ങളും പരാമർശിക്കും.
നാലു വർഷം മുൻപ് വിടവാങ്ങൽ പ്രസംഗം നടത്തിയ ഡോണൾഡ് ട്രംപ് ബൈഡൻ ഭരണകൂടത്തിന് ആശംസകൾ നേർന്നിരുന്നു. നേരത്തെ റെക്കോർഡ് ചെയ്ത പ്രസംഗമായിരുന്നു ഇത്. ഓവൽ ഓഫീസിൽ നിന്ന് ബൈഡൻ അവസാനമായി സംസാരിച്ചത്, മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ്.
ഡെമോക്രാറ്റുകൾക്ക് സെനറ്റ് നിയന്ത്രണം നഷ്ടപ്പെടുകയും ഹൗസ് തിരിച്ചുപിടിക്കാൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ബൈഡൻ വൈറ്റ് ഹൗസ് വിടാൻ തയാറെടുക്കുമ്പോൾ പാർട്ടിയുടെ ഭാവി നേതൃത്വത്തെയും മുന്നോട്ടുള്ള പാതയെയും കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നു.