മാർത്തോമ്മാ നോർത്ത് അമേരിക്കൻ ഭദ്രാസനം 19ന് പ്രാർഥനാ ദിനം ആചരിക്കുന്നു
അലൻ ചെന്നിത്തല
Thursday, January 16, 2025 12:40 PM IST
ന്യൂയോർക്ക്: കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ പടർന്നു പിടിച്ച കാട്ടുതീയിൽ നാടും വീടും പ്രിയപ്പെട്ടവരേയും നഷ്ടമായവരുടെ ദുഃഖത്തിൽ പങ്കുചേർന്ന് കൊണ്ട് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനം ഈ മാസം 19ന് പ്രാർഥനാ ദിനമായി ആചരിക്കുന്നു.
കാട്ടുതീയിൽ ഇരയായപ്പെട്ടവരെ ഓർത്ത് പ്രാർഥിക്കുവാൻ നോർത്ത് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഭദ്രാസനത്തിൽ ഉൾപ്പെട്ട എല്ലാ ഇടവകകളോടും സർക്കുലറിലൂടെ അഭ്യർഥിച്ചു.
പസഫിക് പാലിസെഡ്സിൽ പടർന്നു പിടിച്ച തീ അനേകരുടെ ജീവൻ കവർന്നെടുത്തു. ആയിരക്കണക്കിന് ഏക്കർ സ്ഥലമാണ് കാട്ടുതീ വിഴുങ്ങിയത്. വീടുകൾ നഷ്ടമായ ഒന്നരലക്ഷത്തോളം പേരെയാണ് ദുരന്ത സ്ഥലത്തുനിന്നും ഒഴുപ്പിച്ചത്.
ഇപ്പോഴും തീയണക്കാനുള്ള ശ്രമം അഹോരാത്രം തുടരുകയാണ്. എല്ലാം നഷ്ടമായ സഹജീവികളുടെ വേദനയിൽ പങ്കുചേരുവാനും അവർക്കു വേണ്ടി പ്രാർഥിക്കുവാനും അവരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കുചെരുവാനും ബിഷപ് മാർ പൗലോസ് ആഹ്വാനം ചെയ്തു.