പ്രമുഖ മലയാളികളെ പ്രവാസി കോൺക്ലേവ് ആദരിച്ചു
Wednesday, January 15, 2025 12:04 PM IST
കൊച്ചി: ലോകത്തിന്റെ വിവിധ കോണുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച മലയാളികളെ പ്രവാസി കോൺക്ലേവ് ആദരിച്ചു. വിദേശ മലയാളി സംഘടനകളായ ഫൊക്കാനാ, ഫോമാ, വേൾഡ് മലയാളി കൗൺസിൽ, വേൾഡ് മലയാളി ഫെഡറേഷൻ, ഗോപിയോ, ഐഐഎസ്എസി എന്നിവ സംയുക്തമായി ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പല ദിക്കുകളിൽ കഴിയുന്ന മലയാളികൾക്ക് നേരിൽകണ്ട് പരിചയപ്പെടുന്നതിനും സൗഹൃദം പങ്കുവയ്ക്കുന്നതിനുമുള്ള വേദിയാണ് ഇതെന്ന് പ്രവാസി കോൺക്ലേവ് ട്രസ്റ്റ് ചെയർമാൻ അലക്സ് കോശി വിളനിലം അഭിപ്രായപ്പെട്ടു.
മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി വയലാർ രവിയെ കാക്കനാട് വഴക്കാലയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ ചെന്നാണ് പ്രവാസി കൂട്ടായ്മ ആദരിച്ചത്. ശശി തരൂർ എംപി, എം.എ. യൂസഫലി, ഗോകുലം ഗോപാലൻ, ഡോ.സണ്ണി ലൂക്ക്, ആന്റണി പ്രിൻസ്, ആർ. ശ്രീകണ്ഠൻ നായർ, ഡോ. ഇന്ദിര രാജൻ, ഡോ. ടെസി തോമസ് എന്നിവരെയാണ് മലയാളി ലെജൻഡ്സ് -2025 ആയി ട്രസ്റ്റ് തെരഞ്ഞെടുത്തത്.
മറൈൻ ഡ്രൈവിലെ ക്ലാസിക് ഇമ്പീരിയൽ ക്രൂസ് വെസലിൽ നടന്ന പ്രവാസി സംഗമത്തിൽ ഏവരും ആദരവ് ഏറ്റുവാങ്ങി.