കെെത്താങ്ങായി അമേരിക്കൻ മലയാളികൾ; വിദ്യാർഥികളായ സഹോദരങ്ങളുടെ വീടെന്ന സ്വപ്നം പൂവണിഞ്ഞു
Wednesday, January 15, 2025 1:38 PM IST
ആലപ്പുഴ: വിദ്യാർഥികളായ സഹോദരങ്ങൾക്ക് വിദേശമലയാളികളുടെ സഹായത്തോടെ നിർമിച്ച വീടിന്റെ താക്കോൽദാനം വർണാഭമായ ചടങ്ങുകളാടെ നടന്നു. പി.പി. ചിത്തരഞ്ജൻ എംഎൽഎ വീടിന്റെ താക്കോൽ കുടുംബത്തിനു കൈമാറി.
മണ്ണഞ്ചേരി 21-ാം വാർഡിലുള്ള രണ്ടു മക്കളും അച്ഛനും അമ്മയും അമ്മൂമ്മയും അടങ്ങുന്ന അഞ്ചംഗങ്ങളുൾപ്പെടുന്ന കുടുംബത്തിനാണ് വീട് നിർമിച്ച് നൽകിയത്. ഒരാൾ ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. സഹോദരൻ മണ്ണഞ്ചേരി സ്കൂളിൽ ആറാം ക്ലാസിലും പഠിക്കുന്നു.
അമേരിക്കയിലെ ഫ്ലോറിഡയിലെ നവ കേരള മലയാളി അസോസിയേഷൻ ഭാരവാഹികളായ സുശീൽ കുമാർ നാലകത്ത്, ജയിൻ വാത്തിയേലിൽ, മാത്യു വർഗീസ്, ജോസഫ് പാണികുളങ്ങര എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരക്കഥാകൃത്ത് സുനീഷ് വാരനാട് മുഖ്യാതിഥിയായി.
2024ലെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മണ്ണഞ്ചേരി ഹൈസ്കൂൾ വിദ്യാർഥിനിയെ അനുമോദിക്കാനായി അധ്യാപകരും പിടിഎ, എസ്എംസി ഭാരവാഹികളും എത്തിയപ്പോഴാണ് വീടിന്റെ അവസ്ഥ മനസിലാക്കിയത്.
ടിൻഷിറ്റു പാകിയ പാർപ്പിടത്തിലെ ഇത്തിരി വെട്ടത്തിൽ അധ്യാപകരെ അപ്രതീക്ഷിതമായി കണ്ടപ്പോൾ വിദ്യാർഥിനിയുടെ മുഖത്ത് മിന്നിയ അങ്കലാപ്പും പതർച്ചയുമാണ് അധ്യാപകരുടെ മനസിൽ കൊണ്ടത്.
വിദ്യാർഥിനിയുടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും ആ മുഖഭാവം അവരെ വേട്ടയാടി. പിന്നീട് ക്ലാസ് അധ്യാപികയായ വിധു നഹാർ ഈ വിവരം മലയാളി അസോസിയേഷൻ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തി വീട് നിർമാണത്തിന് അനുകൂലമായ തീരുമാനം നേടിയെടുത്തു. എൻജിനിയർ അനിൽകുമാർ ജിത്തൂസിനായിരുന്നു നിർമാണ ച്ചുമതല.
ആറുമാസം കൊണ്ട് ഏഴര ലക്ഷം രൂപ ചെലവിൽ 500 ചതുരശ്ര അടിയിലുള്ള വീടിന്റെ പണി പൂർത്തിയായി. രണ്ടുമൂറി, അടുക്കള, ഹാൾ, ശുചിമുറി സൗകര്യമുള്ളതാണ് വീട്.