ചരിത്ര നേട്ടം കുറിച്ചു ലീഗ് സിറ്റി മലയാളി സമാജം
Tuesday, January 14, 2025 7:15 AM IST
ലീഗ് സിറ്റി (ടെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം, വിന്റർ ബെൽസ് വെബ്സ്റ്റർ ഹെറിറ്റേജ് പാർക്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ഇതിനോടനുബന്ധിച്ച് നടന്ന കേരള ഭക്ഷ്യമേള കേരളത്തിന് പുറത്ത് നടത്തപ്പെട്ട ഏറ്റവും വലിയ കേരള ഭക്ഷ്യമേളയായി കണക്കാക്കപ്പെടുന്നു.
ഏകദേശം നൂറോളം വിഭവങ്ങൾ തത്സമയം പാചകം ചെയ്ത് നൽകി വിളമ്പി. ഇരുന്നൂറോളം ലീഗ് സിറ്റി മലയാളി സമാജത്തിന്റെ സന്നദ്ധ പ്രവർത്തകർ ഭക്ഷ്യമേളയ്ക്ക് പിന്നിൽ പ്രവർത്തിച്ചു. കേരള തനിമയിൽ തട്ടുകടകൾ നിർമിച്ചു തട്ടുകട തെരുവൊരുക്കിയാണ് ഭക്ഷണങ്ങൾ തയാറാക്കി വിതരണം ചെയ്തത്.
ഡോ. മനു ചാക്കോ സംവിധാനം ചെയ്ത് നൂറിലധികം കലാകാരന്മാരെ കോർത്തിണക്കി നടത്തിയ നാടകം കാണികളെ അമ്പരപ്പിച്ചു. രശ്മി നായരുടെയും റീവാ വർഗീസിന്റെയും നേതൃത്വത്തിൽ വിവിധ പ്രമുഖ സംഗീതജ്ഞരെ അണിനിരത്തി നടത്തിയ ഗാനമേളയും ഏറെ കെെയടി നേടി.
ലീഗ് സിറ്റിയിലെ കൊച്ചു കലാകാരന്മാരും കലാകാരികളും അണിനിരന്ന മറ്റ് കലാപരിപാടികളും വിന്റർ ബെൽസിന് മാറ്റുകൂട്ടി. ക്രിസ്മസ് ന്യൂ ഇയർ ആഘോഷം വേളയിലെത്തിയ സാന്തക്ലോസ് കൗതുകവും ക്രിസ്മസ് പ്രതീതിയും ഉണർത്തി.
അമേരിക്കൻ സ്വദേശികൾക്കടക്കം കൗതുകമുണർത്തിക്കൊണ്ട് ഒരുക്കിയ ആയിരത്തിൽപരം ചെറുനക്ഷത്രങ്ങൾ, പുൽക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്മസ് ട്രീകൾ, വൈവിധ്യമാർന്ന ലൈറ്റുകൾ, അലങ്കാരങ്ങൾ എന്നിവയെല്ലാം ശ്രദ്ധേയമായിരുന്നു. മലയാള മണ്ണിന്റെ ഓർമ്മയും ഗൃഹാതുരത്വവും ഉണർത്തുന്നതായിരുന്നു ഈ ആഘോഷമെന്ന് പങ്കെടുത്തവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെയും ഐക്യത്തിന്റെയും ഉത്തമ മാതൃകയാണ് ലീഗ് സിറ്റി മലയാളി സമാജം എന്ന് ആശംസകളർപ്പിച്ച റവ. ഫാ. ഡായ് കുന്നത്ത് പറഞ്ഞു. പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.
പ്രസിഡന്റ് ബിനീഷ് ജോസഫ്, വൈസ് പ്രസിഡന്റ് ലിഷ ടെൽസൺ, വൈസ് പ്രസിഡന്റ് സോജൻ ജോർജ്, സെക്രട്ടറി ഡോ. രാജ് കുമാർ മേനോൻ, ജോയിന്റ് സെക്രട്ടറി സിഞ്ചു ജേക്കബ്, ജോയിന്റ് സെക്രട്ടറി ബിജോ സെബാസ്റ്റ്യൻ, ട്രഷറർ രാജൻ കുഞ്ഞ് ഗീവർഗീസ്, ജോയിന്റ് ട്രഷറർ മാത്യു പോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.