ജോയിച്ചൻ പുതുകുളത്തിന് ഇന്ത്യാ പ്രസ് ക്ലബ് പുരസ്കാരം
പി .പി. ചെറിയാൻ
Thursday, January 16, 2025 6:53 AM IST
ഡാളസ്: അമേരിക്കയിലെ മികച്ച മാധ്യമ പ്രവർത്തകനുള്ള ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പുരസ്കാരം ജോയിച്ചൻ പുതുകുളത്തിന്. മൂന്ന് പതിറ്റാണ്ടോളം അമേരിക്കയിലെ മലയാള മാധ്യമങ്ങളുടെ ജീവനാഡിയായി പ്രവർത്തിച്ച ജോയിച്ചൻ പുതുകുളം സ്നേഹത്തിന്റെയും വിനയത്തിന്റെയും പ്രതീകമാണെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.
സ്പെഷൽ അറേഞ്ച്മെന്റ് ഹരി നമ്പൂതിരി, ഡോ. സ്റ്റീവൻ പോട്ടൂർ, ഏബ്രഹാം മാത്യൂസ് (കൊച്ചുമോൻ), ലാലി ജോസഫ് എന്നിവരടങ്ങിയ നാലംഗ കമ്മിറ്റിയാണ് ജോയിച്ചൻ പുതുകുളത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
ചങ്ങനാശേരിക്കടുത്ത് പുതുകുളത്ത് കുട്ടപ്പൻമറിയാമ്മ ദമ്പതികളുടെ മകനായ ജോയിച്ചൻ സിവിൽ എൻജിനീയറിങ് ഡിപ്ലോമ നേടിയ ശേഷം ഡൽഹിയിലും പിന്നീട് പായിപ്പാടും പ്രവർത്തിച്ചു. 1992ൽ അമേരിക്കയിലെത്തിയ ജോയിച്ചൻ ഷിക്കാഗോയിൽ സിറോ മലബാർ ഇടവകയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.
അമേരിക്കയിലെ മലയാളികളുടെ വിശേഷങ്ങൾ മാധ്യമങ്ങളിൽ എഴുതിത്തുടങ്ങിയ ജോയിച്ചൻ പിന്നീട് കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾക്കും ടെലിവിഷൻ ചാനലുകൾക്കും വേണ്ടി വാർത്തകൾ ശേഖരിച്ചു നൽകി.
ഇന്ത്യാ പ്രസ് ക്ലബിന്റെ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ജോയിച്ചനെ തേടിയെത്തിയിട്ടുണ്ട്. പുരസ്കാരത്തിന് ഈശോമിശിഹായ്ക്ക് നന്ദി പറയുന്നതായും ഇതുവരെ തന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ജോയിച്ചൻ പറഞ്ഞു.