ജോസ് കണിയാലിക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അവാർഡ്
പി.പി. ചെറിയാൻ
Monday, January 20, 2025 7:31 AM IST
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് 2024 അവാർഡ് അമേരിക്കൻ മലയാളി മാധ്യമ രംഗത്തെ നിറസാന്നിധ്യമായ ജോസ് കണിയാലിക്ക്. അമേരിക്കയിലെ മികച്ച മാധ്യമ പ്രവർത്തകരെ കണ്ടെത്തുന്നതിന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന് ലഭിച്ച നിരവധി നാമനിർദേശങ്ങളിൽ നിന്നും ജോസ് കണിയാലിയെ ഡോ. ഹരി നമ്പൂതിരി, ഡോ. സ്റ്റീവൻ പോട്ടൂർ, ഏബ്രഹാം മാത്യൂസ് (കൊച്ചുമോൻ), ലാലി ജോസഫ് എന്നിവർ ഉൾപ്പെടുന്ന നാലംഗ അവാർഡ് കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.
മറ്റൊരു ജേതാവ് ജോയിച്ചൻ പുതുകുളമാണ്. ഡാളസിൽ ജനുവരി 26ന് കേരള അസോസിയേഷൻ ഓഫ് ഡാളസ് കോൺഫറൻസ് ഹാളിൽ (ഐപിസിഎൻ ടി സ്ഥാപക പ്രസിഡന്റ് എബ്രഹാം തെക്കേമുറി ഹാളിൽ) പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷതയിൽ ചേരുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് 2024 പ്രവർത്തന സമാപന സമ്മേളനത്തിൽ അവാർഡ് ദാന ചടങ്ങ് നടക്കും.
അമേരിക്കൻ മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവർത്തകരെയും കാഷ് അവാർഡ് നൽകി ആദരിക്കുന്ന അമേരിക്കയിലെ ആദ്യ മാധ്യമ സംഘടനയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്. അമേരിക്കൻ മലയാളി മാധ്യമ രംഗത്ത് നിറസാന്നിധ്യമായ ജോസ് കണിയാലി കഴിഞ്ഞ 32 വർഷമായി അമേരിക്കൻ മലയാളി മാധ്യമ രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്.
കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ജോസ് കണിയാലി 1988 ലാണ് ഷിക്കാഗോയിലേക്ക് കുടിയേറിയത്. ഇങ്ങനെയൊരു അംഗീകാരം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിൽ നിന്നും ലഭിച്ചതിൽ അഭിമാനിക്കുന്നതായി ജോസ് കണിയാലി പറഞ്ഞു.