ടെക്സസിലെ ഓസ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി
പി.പി. ചെറിയാൻ
Tuesday, January 14, 2025 7:47 AM IST
ടെക്സസ്: ഓസ്റ്റിൻ ട്രാവിസ് കൗണ്ടിയിലെ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ഈ മാസം നോർത്ത് ഓസ്റ്റിനിലെ ഒരു കുളത്തിൽ ചത്ത നിലയിൽ കണ്ടെത്തിയ ഒന്നിലധികം വളർത്തു താറാവുകളിൽ വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
എല്ലാവരും ശരിയായ മുൻകരുതലുകൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്റ്റിൻ പബ്ലിക് ഹെൽത്ത് കഴിഞ്ഞാഴ്ച പൊതുജനാരോഗ്യ നിർദേശം നൽകി. പക്ഷിപ്പനിയിൽ നിന്ന് നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം കാട്ടുപക്ഷികളുമായും മറ്റ് മൃഗങ്ങളുമായും നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണെന്ന് അധികൃതർ അറിയിച്ചു.
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രകാരം 2024 മുതൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉടനീളം 66 സ്ഥിരീകരിച്ച മനുഷ്യ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി ആറിന് കഴിഞ്ഞമാസം ലൂസിയാനയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു രോഗി മരിച്ചതായി ഏജൻസി റിപ്പോർട്ട് ചെയ്തു. ഇത് വൈറസ് ബാധിച്ച് യുഎസിലെ ആദ്യത്തെ മരണമായി.