പന്നു വധശ്രമ കേസ്: മുൻ റോ ഏജന്റിനെതിരേ നടപടിക്കു കേന്ദ്രം
Thursday, January 16, 2025 3:21 PM IST
ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഗുർപട്വന്ത് സിംഗ് പന്നുവിനെ ന്യൂയോർക്കിൽ വധിക്കാൻ പദ്ധതിയിട്ട സംഭവത്തിൽ റോ മുൻ ഏജന്റ് വികാഷ് യാദവിനെതിരേ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ശിപാർശ ചെയ്തു.
യുഎസ് എടുത്ത കൊലപാതക ഗൂഢാലോചനക്കേസിലാണ് മുൻ ചാരൻ "സിസി1' നെതിരേ നടപടി. അന്വേഷണത്തിൽ വികാഷ് യാദവിനുള്ള ക്രിമിനൽ ബന്ധങ്ങള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യുഎസ് - കനേഡിയൻ ഇരട്ട പൗരത്വമുള്ള പന്നുവിനെ വധിക്കാൻ 2023ൽ ഗൂഢാലോചന നടന്നുവെന്നാണ് ന്യൂയോർക്ക് സിറ്റിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നത്. ഈ കേസിൽ ഇന്ത്യൻ സർക്കാരിന് യുഎസ് കോടതി നേരത്തെ സമൻസ് അയച്ചിരുന്നു.
വികാഷ് യാദവിന് നിലവിൽ ഇന്ത്യൻ സർക്കാരുമായി ബന്ധമില്ലെന്നു നേരത്തെതന്നെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.