തീ അണയാതെ ലോസ് ആഞ്ചലസ്
Wednesday, January 15, 2025 10:29 AM IST
ലോസ് ആഞ്ചലസ്: ലോകത്തിന്റെ സിനിമ നഗരമായ ലോസ് ആഞ്ചലസിന്റെ നെഞ്ചിലെ തീ ഇനിയും അണയുന്നില്ല. ശക്തമായി വീശിയടിക്കുമെന്നു പ്രതീക്ഷിക്കുന്ന കാറ്റ് പുതിയ കാട്ടുതീകൾക്കു കാരണമാകുമെന്നാണ് ആശങ്ക.
മേഖലയിൽ വീശിയടിക്കുമെന്നു പ്രതീക്ഷിക്കുന്ന കാറ്റ് കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നതിൽ കൈവരിച്ച പുരോഗതിയെ പിന്നോട്ടടിക്കുമെന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്. ലോസ് ആഞ്ചലസിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ശക്തമായ കാട്ടുതീ സാധ്യതാ മേഖലയിൽ തുടരുകയാണ്.
ലോസ് ആഞ്ചലസിനു ചുറ്റുമുള്ള എട്ടു കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്ന തെക്കുപടിഞ്ഞാറൻ കലിഫോർണിയയുടെ വലിയൊരു ഭാഗം ബുധനാഴ്ചവരെ തീപിടിത്ത സാധ്യതാമേഖലയിലാണ്. ലാ, വെഞ്ചുറ കൗണ്ടികളിലെ ചില പ്രദേശങ്ങൾ അപകടരമായ സാഹചര്യത്തിലാണെന്നു കാലാവസ്ഥാ വിഭാഗം പറയുന്നു. ആ പ്രദേശത്തിന്റെ തെക്ക് ഭാഗത്ത് തീ കത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്ന് ശക്തമായ ചുഴലിക്കാറ്റ് ഉണ്ടാകുമെന്നു കാലാവസ്ഥാ പ്രവചനമുണ്ട്. കാറ്റ് ശക്തമാകുന്നതോടെ ഇനിയും കാട്ടുതീ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. പ്രദേശത്തുനിന്നു മാറാൻ തയാറായിനിൽക്കണമെന്നും ആളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ശക്തമായ കാറ്റിനെ നേരിടാൻ മികച്ച തയാറെടുപ്പ് നടത്തിയിട്ടുണ്ടെന്നു ലോസ് ആഞ്ചലസ് കൗണ്ടി ഫയർ ചീഫ് ആന്റണി മാരോൺ പറഞ്ഞു. കഴിഞ്ഞയാഴ്ച സമാനമായ കാറ്റ് തീപിടിത്തത്തിന്റെ ശക്തി വർധിപ്പിച്ചു.
നാശം വിതയ്ക്കുന്ന പലിസേഡ്സ്, ഈറ്റൺ എന്നീ പേരുകളുള്ള രണ്ടു കാട്ടുതീകൾ അണയ്ക്കാൻ അഗ്നിശമനസേനാംഗങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. പലിസേഡ്സ് തീ അണയ്ക്കാൻ 5,000-ലധികം അഗ്നിശമന സേനാംഗങ്ങളും 3,000-ത്തിലധികം പേർ ഈറ്റൺ തീ അണയ്ക്കാനും പ്രവർത്തിക്കുന്നു.
പുതിയ തീപിടിത്തം നേരിടാനുള്ള സന്നാഹങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ അഗ്നിശമന വിമാനങ്ങളും തന്റെ പക്കലുണ്ട്. എന്നാൽ കാറ്റ് ശക്തമായാൽ അവ പറത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുതീ വേഗത്തിൽ പടരാൻ സാധ്യതയുള്ള ചുഴലിക്കാറ്റ് വീശുമെന്നു കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതായി ലോസ് ആഞ്ചലസ് മേയർ കാരെൻ ബാസ് പറഞ്ഞു.