പ്രവാസി കോണ്‍ക്ലേവില്‍ ലെജന്റ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു
Monday, January 20, 2025 7:21 AM IST
കൊച്ചി: ശരീരംകൊണ്ട് പുറത്താണെങ്കിലും മനസുകൊണ്ട് തന്റെ ജന്മദേശത്താണ് പ്രവാസികളുള്ളതെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കുര്യന് ജോസഫ് പറഞ്ഞു. മറൈന്‍ഡ്രൈവ് ക്ലാസിക് ഇംപീരിയല്‍ ക്രൂയിസില്‍ നടത്തിയ പ്രവാസി കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൂട്ടിക്കുഴക്കലും കൂട്ടിക്കുറക്കലുമുണ്ടാകുമ്പോഴാണ് കൂട്ടായ്മയില്‍ പ്രശ്നങ്ങളുണ്ടാകുന്നത്. കൂട്ടിച്ചേര്‍ക്കുന്ന കൂട്ടായ്മകളാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അധികാരം ലഭിച്ചിട്ടില്ലെങ്കിലും സമൂഹത്തില്‍ വോട്ടുണ്ടാക്കാന്‍ പ്രവാസികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയും.
വിദേശത്തുള്ളവര്‍ക്ക് വോട്ട് ലഭ്യമാക്കണമെങ്കില്‍ അതിന് രാഷ്ട്രീയ തീരുമാനമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകള്‍ ഒരു നന്മ ചെയ്യുമ്പോള്‍ ആര് ചെയ്തു എന്നല്ല എന്താണ് ചെയ്തതിനാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടത്. നമ്മെ നാമാക്കിയ നാടിന് തിരിച്ചു കൊടുക്കാനാവുന്ന നന്മകള് നിര്‍വഹിക്കണമെന്നും ജസ്റ്റിസ് കുര്യന് ജോസഫ് പറഞ്ഞു.
ഇന്ത്യയില്‍ നിലവിലുള്ള എല്ലാ നിയമങ്ങളും പ്രവാസികള്‍ക്കും കൂടിയുള്ളതാണെന്നും അവ ഉപയോഗിക്കാന്‍ പ്രവാസികള്‍ തയ്യാറാകണമെന്നും ലെജന്റ് പുരസ്കാരം സ്വീകരിച്ച് ആര് ശ്രീകണ്ഠന് നായര്‍ പറഞ്ഞു.
ചവിട്ടി നില്ക്കാന് അധികാരമുള്ള മണ്ണില്‍ പോരാടാന്‍ തയ്യാറായാല്‍ അവകാശങ്ങള്‍ ലഭ്യമാകുമെന്നും ശ്രീധരന് നായര്‍ പറഞ്ഞു. ചെറുത്തു നില്ക്കാന് ഒരാള്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ അയാളെ പൂട്ടാനാവില്ലെന്നും ശ്രീകണ്ഠന് നായര്‍ വ്യക്തമാക്കി.
പോള്‍ കറുകപ്പള്ളി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ടി.ജെ. വിനോദ്, അഡ്വ. മോന്‍സ് ജോസഫ്, റോജി എം. ജോണ്‍, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, വേണു രാജാമണി, ഗോപിനാഥ് മുതുകാട്, അലക്സ് വിളനിലം കോശി എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ടെസ്സി തോമസ്, ഡോ. ഇന്ദിര രാജന്, ആര് ശ്രീകണ്ഠന് നായര്‍, ആന്റണി പ്രിന്‍സ്, ഡോ. സണ്ണി ലൂക്ക്, വയലാര്‍ രവി, പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ് എന്നിവരെ ലെജന്ററി പുരസ്കാരം നല്കി ആദരിച്ചു.