കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ "മകരജ്യോതി 2025' സംഘടിപ്പിക്കുന്നു
Tuesday, January 14, 2025 4:45 PM IST
ഒട്ടാവ: കാനഡയിലെ ശബരിമല ഭക്തർക്ക് മകരവിളക്ക് ആഘോഷിക്കാൻ അവസരമൊരുക്കി കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ. "മകരജ്യോതി 2025' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കാനഡയിലെ വിവിധ പ്രവിശ്യകളിലുള്ള ഭക്തർക്ക് പങ്കെടുക്കാം.
ചൊവ്വാഴ്ച ശബരിമലയിൽ മകരജ്യോതി തെളിയുന്ന സമയത്ത് വീടുകളിൽ കുട്ടികളെയും വനിതകളെയും കൊണ്ട് നിലവിളക്ക് തെളിയിക്കുക എന്നതാണ് പരിപാടി. കാനഡയിലെ വ്യത്യസ്ത സമയക്രമങ്ങൾ കണക്കിലെടുത്ത്, ശബരിമലയിലെ മകരജ്യോതി സമയത്തിന് അനുസൃതമായി വ്യത്യസ്ത സമയങ്ങളിലായിരിക്കും വിവിധ പ്രവിശ്യകളിൽ നിലവിളക്കുകൾ തെളിയുക.
അയ്യപ്പ മന്ത്രോച്ചാരണത്തിലൂടെ കാനഡയിലെ ഹൈന്ദവ കുടുംബങ്ങളിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദൃഡമായ കുടുംബബന്ധങ്ങളുടെയും നിലവിളക്കുകൾ പ്രകാശം പരത്തുമെന്നാണ് കെഎച്ച്എഫ്സി വിശ്വസിക്കുന്നത്.
പരിപാടിയിലേക്ക് എല്ലാ അയ്യപ്പസ്വാമി വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.