നരേന്ദ്ര മോദി കുവൈറ്റ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അബ്ദുല്ല നാലുപുരയിൽ
Monday, December 23, 2024 10:46 AM IST
കുവൈറ്റ് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.
രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സാംസ്കാരികം, ജനങ്ങളുമായുള്ള ബന്ധം എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ഇരുനേതാക്കളും ചർച്ച ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിന് ചർച്ചകളിൽ ഊന്നൽ നൽകി. ഊർജം, പ്രതിരോധം, മെഡിക്കൽ ഉപകരണങ്ങൾ, ഫാർമ, ഫുഡ് പാർക്കുകൾ തുടങ്ങിയ മേഖലകളിലെ പുതിയ അവസരങ്ങൾ പരിശോധിക്കാൻ കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും മറ്റ് പങ്കാളികളുമടങ്ങുന്ന പ്രതിനിധി സംഘത്തെ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി ക്ഷണിച്ചു.
പരമ്പരാഗത വൈദ്യശാസ്ത്രം, കാർഷിക ഗവേഷണം എന്നിവയിലെ സഹകരണവും നേതാക്കൾ ചർച്ച ചെയ്തു. ജോയിന്റ് കമ്മീഷൻ ഫോർ കോ-ഓപ്പറേഷൻ (ജെസിസി) അടുത്തിടെ ഒപ്പുവച്ചതിനെ ഇരുവരും സ്വാഗതം ചെയ്തു.
ഉഭയകക്ഷി കരാറുകളും ധാരണാപത്രങ്ങളും ഇരുവരും ഒപ്പുവച്ചു. പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം, കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം, കായികമേഖലയിലെ സഹകരണം സംബന്ധിച്ച എക്സിക്യൂട്ടീവ് പ്രോഗ്രാം, അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിൽ കുവൈറ്റ് ചേരുന്നതിനുള്ള ചട്ടക്കൂട് കരാർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കുവൈറ്റ് പ്രധാനമന്ത്രിയെ ഇന്ത്യ സന്ദർശിക്കാൻ നരേന്ദ്ര മോദി ക്ഷണിച്ചു.