അബുദാബി മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
അനിൽ സി. ഇടിക്കുള
Wednesday, December 18, 2024 3:06 PM IST
അബുദാബി: പത്ത്, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അബുദാബി മലയാളി സമാജം നൽകുന്ന മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം മുഖ്യാതിഥിയായിരുന്നു.
പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷത വഹിച്ചു. 44 കുട്ടികളാണ് അവാർഡ് സ്വീകരിക്കുവാൻ എത്തിയത്. പഠനസമയത്ത് മികച്ച അക്കാദമിക് നിലവാരം പുലർത്തിയ വി.ടി. ബൽറാം കുട്ടികളുമായി തന്റെ സ്കൂൾ, കോളജ് അനുഭവങ്ങൾ പങ്കുവച്ചു.
വൈസ് പ്രസിഡന്റ് ടി.എം. നിസാർ, കോഓർഡിനേഷൻ കമ്മിറ്റി ആക്ടിംഗ് ചെയർമാൻ എ.എം. അൻസാർ, കോഓർഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, ട്രഷറർ യാസിർ അറാഫത്ത്, ജോ. സെക്രട്ടറി ഷാജഹാൻ ഹൈദർ അലി, വനിതാ വിഭാഗം കൺവീനർ ലാലി സാംസൺ എന്നിവർ ആശംസകൾ നേർന്നു.
വനിതാ വിഭാഗം ജോ. കൺവീനർ ചിലു സൂസൺ മാത്യു അവതാരകയായിരുന്നു. സാമിയ സുരേഷ് പ്രാർത്ഥന ഗാനം ആലപിച്ചു. മലയാളം മിഷന്റെ കണിക്കൊന്ന സൂര്യകാന്തി പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഭാരവാഹികളായ സാജൻ ശ്രീനിവാസൻ, ഷാജികുമാർ, സുധീഷ് കൊപ്പം, വോളണ്ടിയർ ക്യാപ്റ്റൻ അഭിലാഷ്, ലേഡീസ് വിംഗ് ജോ. കൺവീനർമാരായ ശ്രീജ പ്രമോദ്, ഷീന ഫാത്തിമ, നമിത സുനിൽ എന്നിവർ നേതൃത്വം നൽകി.