കേളി പ്രവർത്തകൻ ഹൃദയാഘതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു
Saturday, December 21, 2024 7:56 AM IST
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ അഞ്ചുമാസമായി റിയാദിലെ വിവിധ ആശുപത്രികളിലായി തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞു വരികയായിരുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റ് നിർവാഹക സമിതി അംഗം, കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് പുന്നക്കൽ പുതിയപുരയിൽ ജനാർദ്ദനൻ (57)ഹൃദയാഘതത്തെ തുടർന്ന് അന്തരിച്ചു. പാളത്ത് വീട്ടിൽ രാമൻ എംബ്രാേൻ ദേവകി ദമ്പതികളുടെ മകനാണ്. സംസ്കാരം നാട്ടിൽ നടത്തി.
കഴിഞ്ഞ 33 വർഷമായി ഹോത്ത ബാനി തമീമിൽ മിനിലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അഞ്ചുമാസം മുൻപ് പക്ഷാഘാതത്തെ തുടർന്ന് അൽ ഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അവിടെ നിന്ന് സുമേഷി കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. പലപ്പോഴും അബോധാവസ്ഥയിലായിരുന്ന ജനാർദ്ദനൻ പിന്നീട് പൂർണ്ണമായും കോമാസ്റ്റേജിലായി.
കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ രണ്ട് മാസത്തെ ചികിത്സ കൊണ്ട് സ്വബോധം വീണ്ടെടുത്ത ജനാർദ്ദനെ വീണ്ടും അൽഖർജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുടുംബത്തിന്റെ ആവശ്യാർഥം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കവെ വീണ്ടും രോഗംമൂർച്ഛിച്ചതിനാൽ റിയാദിലെ കോൺവാൽസെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടു മാസം മുൻപ് ദുബായിലുള്ള സഹോദരൻ റിയാദിലെത്തി ജനാർദ്ദനനെ സന്ദർശിച്ചു മടങ്ങിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജനാർദ്ദനനെ നാട്ടിലെത്തിക്കാനുള്ള ശ്രമം കേളി ജീവകാരുണ്യവിഭാഗം നടത്തി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഹൃദയാഘാതം സംഭവിച്ചത്.
ഭാര്യ പ്രസീത, പൂജ, അഭിഷേക് എന്നിവർ മക്കളാണ്. ഉഷ, രവീന്ദ്രൻ, സുജിത്, ബിജു, പരേതനായ മധുസൂദനൻ എന്നിവർ സഹോദരങ്ങളാണ്.