വനിത വിംഗിന് രൂപം നൽകി കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ
ജയശങ്കർ പിള്ള
Wednesday, December 18, 2024 3:44 PM IST
ഒട്ടാവ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ കാനഡയിലെ വിവിധ പ്രവിശ്യകളിലെ ഹൈന്ദവ വിശ്വാസികളായ വനിതകളെ കോർത്തിണക്കി വനിത വിംഗിനു രൂപം നൽകി.
പുതുതലമുറയിലെ കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഹൈന്ദവ ആചാര, അനുഷ്ഠാനങ്ങൾ, ആധ്യാത്മിക പഠനങ്ങൾ സംഘടിപ്പിക്കുക, കലാ, കായിക, സാഹിത്യ വാസനകളെ പ്രിത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് കൂട്ടായ്മ മുന്നോട്ടു വയ്ക്കുന്നത്.
ഓൺലൈനായി സംഘടിപ്പിച്ച പ്രസ്തുത യോഗത്തിൽ കേരള ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, പ്രശസ്ത ആധ്യാത്മിക പ്രഭാഷകയായ സരിത അയ്യർ എന്നിവർ കെഎച്ച്എഫ്സിയുടെ പ്രവർത്തകർക്കും സംഘാടകർക്കും വനിതാ പ്രതിനിധികൾക്കും ആശംസകൾ അർപ്പിച്ചു.
സനാതന ധർമ, കർമ പദ്ധതികളിൽ ഹൈന്ദവ അമ്മമാർ പുലർത്തുന്ന സ്വാധീനവും പുതു തലമുറയെ അടിയുറച്ച ഹൈദവ സംസ്കാരത്തിന്റെ പാതയിലേക്ക് നയിക്കുന്നതിന് അമ്മമാർക്കുള്ള പങ്കിനെ കുറിച്ചും കെ.പി. ശശികല എടുത്തുപറഞ്ഞു.
കെഎച്ച്എഫ്സിയുടെ വനിതാ കൂട്ടായ്മയ്ക്കും കെഎച്ച്എഫ്സിക്കും അവർ എല്ലാവിധ ഭാവുകങ്ങളും നേർന്നു. വനിതകൾ സനാതന ധർമ പ്രവർത്തനങ്ങളിൽ മുൻകൈ എടുത്തു പ്രവർത്തിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും വനിതകളുടെ സേവന തത്പരത, ഭക്തി എന്നിവയെ കുറിച്ചും വിശദീകരിച്ച സരിത അയ്യർ കെഎച്ച്എഫ്സിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു.
കെഎച്ച്എഫ്സിയുടെ ഭാരവാഹികൾ നേതൃത്വം നൽകിയ ചടങ്ങിൽ രജനി പണിക്കർ, സുമി ശശികൃഷ്ണ, രാഖി ബിനോയ്, ലൗലി ശങ്കർ, ആഷ എസ്. നായർ, ബബിത ദീപക്, ലേഖ ബി മേനോൻ എന്നിവർ ചർച്ചകളെ നയിക്കുകയും ഭാവി കർമ പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തു.