വവ്വാൽ കാഷ്ഠം ശേഖരിച്ചവർക്ക് അണുബാധ; ന്യൂയോര്‍ക്കിൽ രണ്ടു മരണം
Thursday, December 19, 2024 12:27 PM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോസെസ്റ്ററില്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്ത കഞ്ചാവിനു വളം ഇടാനായി വവ്വാലുകളുടെ കാഷ്ഠം ശേഖരിച്ച രണ്ടുപേർ അണുബാധയേറ്റു മരിച്ചു. 59 ഉം 64 ഉം വയസ് പ്രായമുള്ളവരാണു മരിച്ചത്.
വീട്ടിൽ നിയമപരമായി വളര്‍ത്തുന്ന കഞ്ചാവിന് വളമായി ചേര്‍ക്കാനായി നൈട്രജൻ, ഫോസ്ഫറസ് എന്നിവയടങ്ങിയ വവ്വാൽ കാഷ്ഠം ഇരുവരും ശേഖരിച്ചിരുന്നു. വവ്വാലിന്റെ കാഷ്ഠങ്ങളില്‍ കാണപ്പെടുന്ന ഹിസ്റ്റോപ്ലാസ്മ കാപ്സുലേറ്റം എന്ന ഫംഗസിലൂടെ ശ്വാസകോശ രോഗമായ ഹിസ്റ്റോപ്ലാസ്മോസിസ് പിടിപെട്ടതാണു മരണകാരണമെന്നു പറയുന്നു.
പനി, വിട്ടുമാറാത്ത ചുമ, ശരീരഭാരം കുറയൽ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. നേരത്തെ ഒഹായോ, മിസിസിപ്പി നദീതടങ്ങളിലാണ് ഇത്തരം അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ രാജ്യത്തുടനീളം ഇത്തരം കേസുകള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകളിൽ പറയുന്നു.