കൊച്ചി കോര്‍പറേഷനിലെ വാര്‍ഡ് വിഭജനത്തില്‍ അപാകത; ഹൈക്കോടതി വിശദീകരണം തേടി
1571198
Sunday, June 29, 2025 4:02 AM IST
കൊച്ചി: സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് കൊച്ചി കോര്പറേഷന് പരിധിയില്‍ നടപ്പാക്കിയ വാര്‍ഡ് വിഭജനത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി. കൊച്ചി കോര്പറേഷന് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനും രണ്ടാം ഡിവിഷന് കൗണ്‍സിലറുമായ ടി.കെ. അഷ്റഫാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഡീലിമിറ്റേഷന്‍ കമ്മീഷനോടും കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷനോടും ജസ്റ്റീസ് സി.എസ്. ഡയസ് വിശദീകരണം തേടി.
കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷനിലെ വാര്‍ഡ് വിഭജന ഉത്തരവ് ഹൈക്കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. 2011ലെ സെന്‍സസ് അനുസരിച്ച് വാര്‍ഡ് വിഭജനം നടത്തണമെന്നും, സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയെ വാര്‍ഡുകളുടെ മൊത്തം എണ്ണം കൊണ്ട് ഹരിച്ച് വാര്‍ഡുകള്‍ നിര്‍ണയിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
2011 സെന്‍സസ് അനുസരിച്ച് കൊച്ചിന് കോര്‍പറേഷനിലെ ജനസംഖ്യ 6,33,000 ആണ്. എന്നാല്‍ ഡീലിമിറ്റേഷന്‍ കമ്മീഷന് മാനദണ്ഡമായി എടുത്തിട്ടുള്ളത് 6.2 ലക്ഷം ജനസംഖ്യ മാത്രമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതുമൂലം കൊച്ചി കോര്പറേഷന് പരിധിയില്‍ മൊത്തത്തിലായി 31,000 ജനസംഖ്യ ഡീലിമിറ്റേഷന്‍ നടപടിക്രമങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല.
മാത്രമല്ല ഡിവിഷന് അഞ്ച് പഴയ മട്ടാഞ്ചേരിയില്‍ മാത്രം 8144 ജനസംഖ്യ വിഭജന നടപടിക്രമങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും, മാനദണ്ഡമനുസരിച്ച് 8000ത്തിലധികം വരുന്ന ജനസംഖ്യയുള്ള ഒരു ഡിവിഷനോ, വാര്‍ഡോ നിലനിര്‍ത്തണമെന്നാണ്. ഈ മാനദണ്ഡങ്ങള്‍ എല്ലാം മറികടന്നാണ് വിഭജനം നടപടികള്‍ നടത്തിയിട്ടുള്ളതെന്നും ആയതിനാല്‍ വാര്‍ഡ് വിഭജനം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അഡ്വ. സജല്‍ ഇബ്രാഹിം മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.