ലക്ഷദ്വീപില്‍ സബ്സിഡി നിരക്കില്‍ ലഭിച്ച ഡീസല്‍ മറിച്ചുവിറ്റ കേസ്: പ്രതികളെ വെറുതെവിട്ടു
1571190
Sunday, June 29, 2025 4:02 AM IST
കൊച്ചി: ലക്ഷദ്വീപില്‍ വിതരണം ചെയ്യുന്നതിന് ഭാരത് പെട്രോളിയത്തില്‍ നിന്ന് സബ്സിഡി നിരക്കില്‍ ലഭ്യമാക്കിയ ഡീസല്‍ മറിച്ചുവില്പന നടത്തിയെന്നാരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു.
ദ്വീപിലെ മുന്‍ എംപിയും എന്‍സിപി സി ദേശീയ ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രതികളെയാണ് സിബിഐ കോടതി വെറുതെ വിട്ടത്. കുറ്റം തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ്പ്രത്യേക ജഡ്ജി എന്‍. ശേഷാദ്രിനാഥന്റെ വിധി.
അന്വേഷണം പൂര്‍ത്തിയാക്കി 2011 സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ആകെ ഒമ്പതു പേര്‍ക്കെതിരേ കുറ്റപത്രം നല്‍കിയെങ്കിലും ബിപിസിഎല്‍ ഉദ്യോഗസ്ഥരടക്കം ആറു പേരെ കോടതി നേരത്തെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
വിചാരണ നേരിടേണ്ടി വന്ന ഒന്നാം പ്രതി പി.പി. ഹുസൈന് തങ്ങളും, അഞ്ചാം പ്രതിയും ബേപ്പുര്‍ പോര്‍ട്ടിലെ ഹെഡ് ക്ലര്‍ക്കുമായിരുന്ന അബ്ദുള്‍ മനാഫും ഒമ്പതാം പ്രതിയായ മുഹമ്മദ് ഫൈസലുമാണ് ഇപ്പോള്‍ കുറ്റവിമുക്തരാക്കപ്പെട്ടത്.
പി.പി. ഹുസൈന് തങ്ങളും മുഹമ്മദ് ഫൈസലും പാര്‍ട്ണര്‍മാരായ ഷെബ്ന എന്റര്‍പ്രൈസസ് എന്ന സ്ഥാപനം ലക്ഷദ്വീപിലേക്ക് വിവിധ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനുള്ള തങ്ങളുടെ ലൈസന്‍സ് ദുരുപയോഗം ചെയ്ത് സബ്സിഡിയില്‍ ഭാരത് പെട്രോളിയം കോര്‍പറേഷനില്‍ നിന്ന് ഡീസല്‍ ലഭ്യമാക്കി അതു മറിച്ചു വിറ്റെന്നാണ് കേസ്.
ഇതിലൂടെ ബിപിസിഎല്ലിന് ഒരു കോടി നാല് ലക്ഷം നഷ്ടം വരുത്തിയെന്ന് ആരോപിച്ച് 2009ലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.