മന്ത്രി സജി ചെറിയാനു നേരെ കരിങ്കൊടി പ്രതിഷേധം
1571195
Sunday, June 29, 2025 4:02 AM IST
തോപ്പുപടി: കണ്ണമാലിയിൽ കടലേറ്റം രൂക്ഷമായിട്ടും സര്ക്കാര് സംരക്ഷണ ഭിത്തി ഉൾപ്പെടെയുള്ള സുരക്ഷ ഒരുക്കുന്നില്ലെന്ന് ആരോപിച്ച് ചെല്ലാനത്ത് ഫിഷറീസ് മന്ത്രി സജി ചെറിയാനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിനെത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷെബിൻ ജോർജ്, ബ്ലോക്ക് സെക്രട്ടറി ജിനു കെ. വിൻസെന്റ്, മണ്ഡലം പ്രസിഡന്റ് നിക്സൻ കണ്ണമാലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ചെല്ലാനത്ത് മത്സ്യഗ്രാമം പദ്ധതിയുടെ ഉദ്ഘാടനത്തിലെത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മന്ത്രി ഓഡിറ്റോറിയത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. കേന്ദ്രാവിഷ്കൃത പദ്ധതിയായതിനാൽ ചടങ്ങിൽ പങ്കെടുക്കുന്നതിന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്ജ് കുര്യന് എത്തുന്നതിന് മുൻപ് സംഘാടകരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഓഡിറ്റോറിയത്തിൽ നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്ന പ്രതിഷേധക്കാർ കരിങ്കൊടിയുമായി മന്ത്രിയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു.
മന്ത്രിയുടെ മുന്നിൽ എത്തിയ പ്രതിഷേധക്കാർ വളഞ്ഞുനിന്ന് കടലേറ്റം അനുഭവിക്കുന്ന പ്രദേശം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മന്ത്രി ചെവിക്കൊണ്ടില്ല. ഇതിനിടെ ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ് പ്രതിഷേധക്കാരുടെ നേരെ കൈയേറ്റവുമായെത്തിയതോടെ പ്രതിഷേധം രൂക്ഷമാകുകയായിരുന്നു. സംഭവം നടക്കുമ്പോൾ കെ.ജെ. മാക്സി എംഎൽഎ മന്ത്രിയുടെ സമീപത്തുണ്ടായിരുന്നു.
കേന്ദ്രമന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാൽ വൻ പോലീസ് സന്നാഹം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നെങ്കിലും ഹാളിലുണ്ടായിരുന്ന പ്രതിഷേധക്കാരെ പോലീസിന് തിരിച്ചറിയാനായില്ല. മന്ത്രിയെ വളഞ്ഞ് ഒരു മിനിറ്റോളം പ്രതിഷേധക്കാർ തർക്കത്തിൽ ഏർപ്പെട്ടപ്പോഴാണ് സംഘാടകർ പ്രതിഷേധക്കാരെ ശ്രദ്ധിക്കുന്നത്.
സംഭവം അറിഞ്ഞെത്തിയ പോലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ പോലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.