ആലുവയിൽ സ്പർശനോദ്യാനം തുറന്നു
1571232
Sunday, June 29, 2025 4:39 AM IST
ആലുവ: കാഴ്ചവെല്ലുവിളികൾ നേരിടുന്നവർക്ക് പ്രകൃതി പാഠങ്ങൾ അനുഭവിച്ചറിയാൻ ആലുവ സ്കൂൾ ഫോർ ദി ബ്ലൈൻഡിൽ സ്പർശനോദ്യാനം തുറന്നു. വർണക്കാഴ്ചകൾ അന്യമാണെങ്കിലും പൂക്കളെ സ്പർശിച്ചും സുഗന്ധം ആവാഹിച്ചും പക്ഷികളുടെ കലപില ശബ്ദങ്ങളും കേട്ടും ഇവിടെ അന്ധ വിദ്യാർഥികൾക്ക് ആസ്വദിക്കാം.
ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ലയൺ രാജൻ എൻ. നമ്പൂതിരി പാർക്ക് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി.ജെ. ജോൺ അധ്യക്ഷത വഹിച്ചു. കുര്യൻ ജോൺ, വിനിത നിബു, ഫാ. ജോൺ കെ. ജേക്കബ്, പ്രധാനാധ്യാപിക ജിജി വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഹെലൻ കെല്ലറുടെ 146-ാമത് ജന്മദിനാചരണത്തിന്റെ ഭാഗമായാണ് ഈ സെൻസറി ഗാർഡൻ നിർമിച്ചത്. വൈവിധ്യമാർന്ന ഔഷധ സസ്യങ്ങൾ, പൂച്ചെടികൾ, ശലഭോദ്യാനം, പച്ചക്കറിത്തോട്ടം, ജലധാര, സ്പർശന നടപ്പാത എന്നിവ ഉൾപ്പെടുന്നതാണ് സ്പർശനോദ്യാനം.