മഴയിലും കാറ്റിലും കെഎസ്ഇബിക്ക് വ്യാപക നാശനഷ്ടം
1564016
Sunday, June 1, 2025 5:02 AM IST
മൂവാറ്റുപുഴ: നഗരത്തിൽ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിലും കാറ്റിലും കെഎസ്ഇബിക്ക് വ്യാപക നാശനഷ്ടം. പോസ്റ്റുകൾ ഒടിഞ്ഞും മരങ്ങൾ വീണും കെഎസ്ഇബി മൂവാറ്റുപുഴ ഡിവിഷൻ ഓഫീസിന് കീഴിലെ നിരവധി പോസ്റ്റുകൾക്കും ട്രാൻസ്ഫോർമറുകൾക്കുമടക്കം നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
കെഎസ്ഇബി മൂവാറ്റുപുഴ ഡിവിഷൻ ഓഫീസിന് കീഴിലുള്ള 14 സെക്ഷനുകളിലുമായി കഴിഞ്ഞ 24 മുതൽ 66 ഇലവൻ കെവി പോസ്റ്റുകളും 382 ചെറിയ പോസ്റ്റുകളും 40 ഇലവൻ കെവി കന്പികളും 2711 ചെറിയ കന്പികളും 1085 ട്രാൻസ്ഫോമറുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ ഡിവിഷന് കീഴിലെ 1,47,000 ഉപഭോക്താക്കൾക്ക് നാശനഷ്ടം നേരിടേണ്ടി വന്നതായി മൂവാറ്റുപുഴ ഇലക്ട്രിക്കൽ എൻജിനീയറുടെ ചുമതല വഹിക്കുന്ന വെള്ളൂർക്കുന്നം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബെന്നി പോൾ പറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ എല്ലാ സെക്ഷനുകളിലും കാലവർഷം നാശം സൃഷ്ടിച്ചു.
കൂത്താട്ടുകുളം, പിറവം തുടങ്ങിയ മേഖലകളിലെ വൈദ്യുത തടസം പൂർണമായും പരിഹരിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. മറ്റ് സെക്ഷനുകളിൽനിന്ന് കൂടി ജീവനക്കാരെ എത്തിച്ചാണ് ഇവിടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കെഎസ്ഇബി അധികൃതർ ശ്രമിക്കുന്നത്.