സൗജന്യ ഡയാലിസിസ് പദ്ധതിയുമായി യംഗ് മെൻസ് ഇന്റർനാഷണൽ
1564011
Sunday, June 1, 2025 4:57 AM IST
കിഴക്കമ്പലം: യംഗ് മെൻസ് ഇന്റർനാഷണൽ ഈ വർഷം നടപ്പാക്കുന്ന സേവന പദ്ധതികളുടെ ഭാഗമായി ജീവൻ ദാര റീനൽകെയർ ഫൗണ്ടേഷനുമായി സഹകരിച്ച് ജില്ലയിലെ അർഹരായ വ്യക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസുമായി കിഴക്കന്പലം യംഗ് മെൻസ് ക്ലബ്. അഞ്ചു ലക്ഷം രൂപയാണ് ഇതിനായി ചെലവാക്കുക. പദ്ധതിയുടെ ഉദ്ഘാടനം കിഴക്കമ്പലം റോയൽ ക്ലബ്ബിൽ വൈസ് മെൻ ഇന്റർനാഷണൽ പ്രസിഡന്റും ബാംഗളൂർ ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ചെയർമാനുമായ ഡോ. കെ.സി. സാമുവൽ നിർവഹിച്ചു.
ജീവധാര ഫൗണ്ടേഷൻ ചെയർമാനും - വൈഎംസിഎയുടെ റീനൽകെയർ പ്രോജക്ട് ദേശീയ അധ്യക്ഷനുമായ സാജു ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ആശുപത്രികളായ എറണാകുളം ലിസി, പഴങ്ങനാട് സമരിറ്റൻ, കോലഞ്ചേരി മെഡിക്കൽ മിഷൻ, കോതമംഗലം ധർമ്മഗിരി എന്നിവടങ്ങളിലെ നിർധന ഡയാലിസിസ് രോഗികൾക്കാണ് സൗജന്യ ചികിത്സ ലഭിക്കുന്നത്.
ചടങ്ങിൽ മികച്ച സാമൂഹിക സേവനത്തിന് സാജു ചാക്കോ, മധു മാമ്മൻ, എം.വി തോമസ് എന്നിവരെ അനുമോദിച്ചു. തന്റെ മകളുടെ വിവാഹത്തിന് നിർധനരായ അഞ്ചു കുടുബങ്ങൾക്ക് 25 ലക്ഷം രൂപം ധനസഹായവും സൗജന്യമായി നിരവധി പേർക്ക് വീടുകൾ വച്ച് നൽകിയ ഷിബു പീറ്ററിനെ പ്രത്യേകം അനുമോദിച്ചു.
ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകളും വിതരണം ചെയ്യ്തു. ക്ലബ് പ്രസിഡന്റ് അലക്സ് വിറ്റി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സന്തോഷ് ജോർജ്, സി.എ. പ്രതീഷ് പോൾ, ജോസ് അൽഫോൻസ്, മിനു അന്ന മാത്യു, മധുമാമ്മൻ, ചെറിയാൻ പൂത്തിക്കോട് എന്നിവർ സംസാരിച്ചു.