ഉടുമ്പന്‍ചോലയില്‍ എക്സൈസിന്റെ ലഹരിവേട്ട: മദ്യവും കഞ്ചാവുചെടിയും കണ്ടെത്തി
1485470
Monday, December 9, 2024 3:44 AM IST
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയിൽ എക്സൈസ് സംഘം വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 44 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടി. മൂന്നുപേര്‍ അറസ്റ്റില്‍. ഇതിലൊരാള്‍ മുമ്പ് മദ്യം കടത്തിയതിനു പിടിയിലായിട്ടുണ്ട്.
വണ്ടന്മേട് കടശിക്കടവില്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 30 ലിറ്റര്‍ വിദേശമദ്യവും ഓട്ടോറിക്ഷയും പിടികൂടി.
സംഭവത്തില്‍ കടശിക്കടവ് രമേശ് ഇല്ലം വീട്ടില്‍ രമേശിനെ അറസ്റ്റ് ചെയ്തു. അഞ്ച് മാസം മുമ്പ് എട്ട് ലിറ്റര്‍ മദ്യവുമായി ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ച ശേഷം വീണ്ടും ഇയാള്‍ മദ്യവില്‍പ്പന നടത്തുകയായിരുന്നു. ഉടുമ്പന്‍ചോലയില്‍ നടത്തിയ പരിശോധനയില്‍ 12 ലിറ്റര്‍ വിദേശമദ്യവുമായി ഉടുമ്പന്‍ചോല സ്വദേശി മുരുകേശനെ എക്സൈസ് അറസ്റ്റ് ചെയ്തു.
ചക്കുപള്ളം ആറാം മൈലില്‍ നടത്തിയ പരിശോധനയില്‍ ഒന്നര ലിറ്റര്‍ വിദേശമദ്യവുമായി ഇലവുങ്കല്‍ ടിന്റു ഏബ്രഹാം പിടിയിലായി. ഇയാളില്‍നിന്നും 600 രൂപയും കണ്ടെടുത്തു.
എക്സൈസ് സംഘം നെടുങ്കണ്ടം ബേഡുമെട്ടില് നടത്തിയ പരിശോധനയില്‍ 211 സെന്റീമീറ്റര്‍ വലിപ്പമുള്ള കഞ്ചാവുചെടി കണ്ടെത്തി. സംഭവത്തില്‍ പുളിക്കക്കുന്നേല്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൃഷിസ്ഥലത്ത് കപ്പകൃഷിയുടെ ഇടയില്‍ കഞ്ചാവ് നട്ടുവളര്‍ത്തി പരിപാലിച്ചുവരികയായിരുന്നു. സ്വന്തം ഉപയോഗത്തിനാണ് കഞ്ചാവ് നട്ടതെന്ന് പ്രതി സമ്മതിച്ചു.
പരിശോധനകളില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ലിജോ ഉമ്മന്‍, ടി. രഞ്ജിത് കുമാര്‍, ഉദ്യോഗസ്ഥരായ പി.ഡി. സേവ്യര്‍, കെ. രാധാകൃഷ്ണന്, അശ്വതി, എസ്. മായ, പി.ജി. രാധാകൃഷ്ണന്, വി.ജെ. ജോഷി, അരുണ്‍ ശശി, പ്രഭുല്‍ ജോസ്, ലിജോ ജോസഫ്, ജെ. പ്രകാശ്, അരുണ്‍ മുരളീധരന്, കെ.എസ്. അനൂപ്, എം.ആര്. രതീഷ്കുമാര്‍, സോണി തോമസ്, സന്തോഷ് തോമസ്, കെ. ഷനോജ് എന്നിവര്‍ പങ്കെടുത്തു.