മാങ്കുളം ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം നടത്തി
1599193
Sunday, October 12, 2025 11:40 PM IST
മാങ്കുളം: എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച സർക്കാരാണ് സംസ്ഥാന സർക്കാരെന്നും അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി നവംബർ ഒന്നിന് പ്രഖ്യാപിക്കപ്പെടുന്ന കേരളം രാജ്യത്തെ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ. മാങ്കുളം പഞ്ചായത്തിൽ സംഘടിപ്പിച്ച വികസനസദസും പഞ്ചായത്ത് രജത ജൂബിലി ആഘോഷവും ബസ് സ്റ്റാൻഡിന്റെ നിർമാണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ആസ്ഥാനത്തെയും മാങ്കുളത്തെയും ബന്ധിപ്പിക്കുന്ന കെഎസ്ആർടിസി ബസ് സർവീസിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മാങ്കുളം ടൗണിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.48 കോടി മുതൽ മുടക്കിയാണ് ബസ്സ്റ്റാൻഡ് നിർമിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ അധ്യക്ഷത വഹിച്ചു.
മാങ്കുളം പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിലൂടെ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം എ. രാജ എംഎൽഎ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് മുൻ ജനപ്രതിനിധികളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദൻ, വൈസ് പ്രസിഡന്റ് അനിൽ ആന്റണി, ജില്ലാ പഞ്ചായത്ത് മെംബർ ഭവ്യ കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ പ്രവീണ്‍ ജോസ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.