മണിയാറൻകുടി - ഉടുന്പന്നൂർ റോഡ് നിർമാണോദ്ഘാടനം നടത്തി
1599188
Sunday, October 12, 2025 11:40 PM IST
ഇടുക്കി: മണിയാറൻകുടി - ഉടുന്പന്നൂർ റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ ഓണ്ലൈനായി നിർവഹിച്ചു. കർഷക താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള രണ്ട് നിയമനിർമാണമാണ് ഈ നിയമസഭാ സമ്മേളനത്തിൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന് അത്യാവശ്യഘട്ടങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള അനുവാദമാണ് ഈ ബില്ലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ വരുന്പോൾ ചില ഘട്ടങ്ങളിൽ ചില വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ കഴിയും. അതോടെ ആക്രമണകാരികളായ വന്യമൃഗങ്ങളെ വെടിവയ്ക്കുകയോ മറ്റു തരത്തിലോ നിയന്ത്രിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി റോഷി അഗസ്റ്റിൻ പൊതുസമ്മേളന ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും നിർവഹിച്ചു. ബിഎം ആന്റ് ബിസി നിലവാരത്തിൽ റോഡ് നിർമിക്കുന്നതിനായി ബജറ്റിൽ അഞ്ചു കോടി അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.
ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോർജ് പോൾ, ജോർജ് ജോസഫ്, എം. ലതീഷ്, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ജില്ലാ പഞ്ചായത്തംഗം കെ.ജി.സത്യൻ, കോതമംഗലം ഡിഎഫ്ഒ സൂരജ് ബെൻ, ത്രിതല പഞ്ചായത്തംഗങ്ങളായ ഡിറ്റാജ് ജോസഫ്, ആൻസി തോമസ്, പ്രഭ തങ്കച്ചൻ, സിജി ചാക്കോ, രാജു ജോസഫ്, വിൻസെന്റ് വള്ളാടി, ആലീസ് ജോസ്, സെലിൻ വിത്സൻ എന്നിവർ പ്രസംഗിച്ചു. മണിയാറൻകുടിയിൽനിന്നു 18.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് രണ്ടു റീച്ചുകളിലായി പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 14.82 കോടി രൂപ അനുവദിച്ചാണ് നിർമാണം ആരംഭിക്കുന്നത്.