ക്രിസ്മസ്: നാടും നഗരവും ഉണർന്നു
1485467
Monday, December 9, 2024 3:36 AM IST
തൊടുപുഴ: നാടും നഗരവും ക്രിസ്മസ് ആഘോഷക്കാലത്തേക്ക്. ക്രിസ്മസ് വർണാഭമാക്കാനായുള്ള വിവിധ ഉത്പന്നങ്ങൾ വാങ്ങാനായി ജനങ്ങൾ വിപണികളിലേക്കെത്തി തുടങ്ങിയതോടെ നാടും നഗരവും തിരക്കിലമർന്നു. വ്യാപാര സ്ഥാപനങ്ങളിലെല്ലാം നക്ഷത്രവിളക്കുകൾ തൂക്കി ആകർഷകമാക്കിയിട്ടുണ്ട്. പല വർണങ്ങളിലും ഡിസൈനുകളിലുമുള്ള നക്ഷത്രങ്ങളാണ് വ്യാപാര സ്ഥാപനങ്ങളിൽ മിന്നിത്തെളിയുന്നത്.
ഡിസംബറിന്റെ തുടക്കത്തിൽതന്നെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നക്ഷത്രങ്ങളും അലങ്കാര ദീപങ്ങളും തെളിഞ്ഞിരുന്നു. തിളങ്ങി കത്തുന്ന വർണ നക്ഷത്രങ്ങളും പുൽക്കൂടുകളും മഞ്ഞുപെയ്യുന്ന ക്രിസ്മസ് ട്രീയും ഇനി വീടുകളുടെ മുറ്റങ്ങളും വരാന്തകളും അലങ്കരിക്കും.
പുൽക്കൂടുകൾക്ക് ആവശ്യക്കാരേറെ
തടിയിലും ചൂരലിലും തീർത്ത പുൽക്കൂടുകളാണ് വിപണിയിലുള്ളത്. 650 രൂപ മുതലാണ് വില. റെഡിമെയ്ഡ് പുൽക്കൂടുകൾക്ക് ആവശ്യക്കാരേറെയാണെന്ന് വ്യാപാരികൾ പറയുന്നു. 500 രൂപ മുതൽ 30,000 വരെ വിലയുള്ള ക്രിസ്മസ് ട്രീകളുടെ വൻനിരയാണ് കടകളിൽ ഒരുങ്ങിയിട്ടുള്ളത്.
500, 600 രൂപ മുടക്കിയാൽ ട്രീ അലങ്കരിക്കാനുള്ള സാധനങ്ങളെല്ലാം കടയിൽ കിട്ടും. ചെറിയ നക്ഷത്രങ്ങളും ഗ്ലിറ്റർ ബോളുകളും സാന്താക്ലോസിന്റെ ചെറുരൂപങ്ങളും വർണത്തോരണങ്ങളുമാണ് കൂടുതൽ പേർ വാങ്ങുന്നത്.
കേക്ക് നിർമാണം സജീവം
കേക്ക് എപ്പോഴും ലഭ്യമാണെങ്കിലും ക്രിസ്മസ് കാലത്താണ് കേക്കുകൾക്ക് ആവശ്യക്കാർ ഏറുന്നത്. പ്രധാന ബേക്കറികളിൽ വിവിധ രുചിയിലും രൂപത്തിലുമുള്ള കേക്കുകളുടെ നിർമാണം തകൃതിയായി നടന്നുവരികയാണ്.
കടകളിൽ ഇപ്പോൾ തന്നെ ക്രിസ്മസ് കേക്കുകൾ വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. പ്ലം, കാരറ്റ് കേക്കുകൾക്കാണ് ആവശ്യക്കാരേറെ. ഫ്രഷ് ക്രീം കേക്കുകൾക്കും കസ്റ്റമൈസ്ഡ് കേക്കുകൾക്കും മുൻ ക്രിസ്മസ് കാലങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
ഇത്തവണയും വ്യത്യസ്ത കേക്ക് ഇനങ്ങളുമായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് കേക്ക് നിർമാതാക്കളും ബേക്കറികളും. വീടുകളിൽ നിർമിക്കുന്ന ഹോംമെയ്ഡ് കേക്കുകളും വിപണിയിലുണ്ട്. നടന്നും വാഹനങ്ങളിലും കേക്ക് വിൽക്കുന്നവരും സജീവമായി രംഗത്തുണ്ട്.