ബോക്സിംഗിൽ അയനയുടെ "ഇടി'ക്ക് സ്വർണത്തിളക്കം
1485463
Monday, December 9, 2024 3:36 AM IST
ചെറുതോണി: ബോക്സിംഗ് കോർട്ടിൽ അയനയുടെ "ഇടി'ക്ക് സ്വർണത്തിളക്കമാണ്. പങ്കെടുക്കുന്ന മത്സരത്തിലെല്ലാം സ്വന്തം പേര് സ്വർണലിപിയിൽ എഴുതിച്ചേർത്തിട്ടേ ഈ കായിക താരം മടങ്ങാറുള്ളൂ. കേരള യൂണിവേഴ്സിറ്റി സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 54-56 കിലോ വിഭാഗത്തിൽ സ്വർണമെഡൽ നേടി.
തിരുവനന്തപുരം ജിവി രാജാ സ്പോർട്സ് സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ബോക്സിംഗാണ് തന്റെ ഐറ്റമെന്ന് തിരിച്ചറിഞ്ഞത്. അതുവരെ സ്പോർട്സിലായിരുന്നു അയന കഴിവ് തെളിയിച്ചിരുന്നത്. ഈ വർഷം തന്നെ ബോക്സിംഗിൽ മെൻ ആൻഡ് വുമൺ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയിരുന്നു.
കഴിഞ്ഞ വർഷം മെൻ ആൻഡ് വുമൺ ചാമ്പ്യൻഷിപ്പിൽ സ്വർണവും കേരള യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ സിൽവറും കരസ്ഥമാക്കിയിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോൾ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണ നേട്ടം കൈവരിച്ചു. രണ്ട് തവണ ദേശീയ ചാമ്പ്യൻഷിപ്പിലും മത്സരിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റി സംസ്ഥാന കോക്കോ മത്സരത്തിൽ സ്വർണം കരസ്ഥമാക്കി. കരിമ്പൻ -മണിപ്പാറ സെന്റ് മേരീസ് യുപി സ്കൂളിൽ പഠിക്കുമ്പോഴാണ് ഭൂമിയാംകുളം സ്വദേശി കായികാധ്യാപകനായ മുണ്ടനാനിയിൽ ലാലു അയനയിലെ കായിക പ്രതിഭ തിരിച്ചറിഞ്ഞത്.
17-ന് പഞ്ചാബിൽ നടക്കുന്ന ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുളള തീവ്രപരിശീലനത്തിലാണ് ഈ മിടുക്കി. പരിശീലകനായ എസ്. പ്രേംനാഥിന്റെ ശിക്ഷണത്തിൽ ദിവസവും രാവിലെ ആറു മുതൽ 8.30 വരെയും വൈകുന്നേരം 4.30 മുതൽ 6.30 വരെയും കഠിനപരിശീലനത്തിലാണ്.
തിരുവനന്തപുരം-ആറ്റിങ്ങൽ ഗവ. കോളജിൽ ബിഎ ഇക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിയാണ് അയന തോമസ്. വിമലഗിരി ചാപ്പാൻത്തടത്തിൽ തോമസിന്റെയും അമ്പിളിയുടെയും രണ്ടാമത്തെ മകളാണ്. ആൻ തോമസാണ് സഹോദരി.