മന്ത്രി റോഷിക്കെതിരേ ആരോപണമുന്നയിക്കുന്നത് ഭരണപരാജയം മറയ്ക്കാനെന്ന്
1477876
Sunday, November 10, 2024 3:53 AM IST
കട്ടപ്പന: ഭരണ പരാജയം മറച്ചുവയ്ക്കാനാണ് നഗരസഭാ ഭരണസമിതി മന്ത്രി റോഷി അഗസ്റ്റിനെതിരേ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ്-എം കട്ടപ്പന മണ്ഡലം കമ്മിറ്റി. മുൻ ചെയർമാനെന്ന നിലയിലും നഗരസഭയിൽ യുഡിഎഫിനെ നയിക്കുന്ന മുതിർന്ന നേതാവെന്ന നിലയിലും ജോയി വെട്ടിക്കുഴി തന്റെ ഭരണ പരാജയം മറയ്ക്കാനാണ് മന്തി റോഷിക്കെതിരേ ആരോപണം ഉന്നയിക്കുന്നത്.
അദ്ദേഹം ചെയർമാനായിരുന്നപ്പോൾ അമർ ജവാൻ റോഡിന്റെ സംരക്ഷണ ഭിത്തി നിർമിക്കാൻ 50 ലക്ഷം രൂപ പാസാക്കിയെങ്കിലും നിർമാണം പൂർത്തിയാക്കിയില്ല. താലൂക്ക് ആശുപത്രിക്കു സ്ഥലം ഏറ്റെടുത്തു നൽകുന്നതിലും ഇരുപതേക്കർ പാലം നിർമിക്കുന്നതിനു സഹായം ചെയ്യുന്നതിലും നഗര സഭ പരാജയപ്പെട്ടു. നഗരവാസികൾക്കു ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിക്കു സ്ഥലം വിട്ടുകൊടുക്കാതെ പദ്ധതി ്ട്ടിമറിക്കാനാണ് നഗരസഭാ കൗണ്‍സിൽ ശ്രമിച്ചത്.
സ്റ്റേഡിയത്തിന്റെയും പാർക്കിന്റെയും സ്ഥലമെടുപ്പ് അട്ടിമറിച്ചതും യുഡിഎഫ് ഭരണസമിതിയും നേതാക്കളുമാണ്.
കട്ടപ്പനയുടെ വികസനം കേരള കോണ്‍ഗ്രസിന്റെയും നേതാക്കളുടെയും സംഭാവനകളാണെന്നും നേതാക്കളായ ഷാജി കൂത്തോടി, ബെന്നി കല്ലൂപുരയിടം, ടെസിൻ കളപ്പുര, ജോമറ്റ് ഇളംതുരുത്തിയിൽ എന്നിവർ പറഞ്ഞു.