എയ്ഡഡ് ശമ്പളബിൽ വിവാദ ഉത്തരവ് പിൻവലിക്കണം: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഇടുക്കി രൂപത
1461107
Tuesday, October 15, 2024 12:37 AM IST
ചെറുതോണി: എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രഥമ അധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവി എടുത്തുകളഞ്ഞ സർക്കാർ ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള ബില്ലുകൾ അപ്രൂവിംഗ് അഥോറിറ്റിയുടെ അനുമതിയോടുകൂടി മാത്രമേ പാസാക്കാവൂ എന്ന ഉത്തരവ് എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും വിവാദ ഉത്തരവ് പിൻവലിക്കണമെന്നും ഇടുക്കി രൂപതാ കാര്യാലയത്തിൽ കൂടിയ ടീച്ചേഴ്സ് ഗിൽഡ് രൂപത സമിതി യോഗം ആവശ്യപ്പെട്ടു.
രൂപത വിദ്യാഭ്യാസ സെക്രട്ടറിയും ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടറുമായ റവ.ഡോ. ജോർജ് തകടിയേൽ, ടീച്ചേഴ്സ് ഗിൽഡ് രൂപത പ്രസിഡന്റ് നോബിൾ മാത്യു, സെക്രട്ടറി ബോബി തോമസ്, എബി ഏബ്രഹാം, മനേഷ് സ്കറിയ, എബിൻ സെബാസ്റ്റ്യൻ, ജോസ്മി ജോസ്, മഞ്ജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.