സൈറ്റ് എൻജിനിയറെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി
1460845
Monday, October 14, 2024 2:29 AM IST
നെടുങ്കണ്ടം: രാമക്കല്‍മേട്ടില്‍ സംസ്ഥാനപാത നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന സൈറ്റ് എൻജിനിയറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കറുകച്ചാല്‍ സ്വദേശി ശ്രീജിത്ത് മോഹനനാണ് (25) മര്‍ദനമേറ്റത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.
നിര്‍മാണം നടക്കുന്ന കമ്പംമെട്ട് - വണ്ണപ്പുറം സംസ്ഥാനപാതയില്‍ രാമക്കല്‍മേടിനു സമീപം കോണ്‍ക്രീറ്റിംഗ് ജോലികള്‍ക്കായി എത്തിയപ്പോള്‍ മേഖലയില്‍ വ്യാപാരസ്ഥാപനം നടത്തുന്നയാളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
കടയുടെ മുന്‍ഭാഗത്ത് കോണ്‍ക്രീറ്റ് നടത്തുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇതിനിടയില്‍ പ്രകോപിതനായ കടയുടമയും സുഹൃത്തും ചേര്‍ന്ന് ശ്രീജിത്തിനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ശ്രീജിത്തിന്റെ ഫോണ്‍ അടിച്ചു പൊട്ടിച്ചതായും മരക്കഷണം ഉപയോഗിച്ച് തലയുടെ പിന്‍ഭാഗത്ത് അടിച്ച് പരിക്കേല്‍പ്പിച്ചതായും സമീപത്തുണ്ടായിരുന്ന പിക്കപ്പ് ജീപ്പില്‍ തലയിടിപ്പിച്ച് മര്‍ദിച്ചതായും ശ്രീജിത്ത് പറഞ്ഞു.
കോണ്‍ക്രീറ്റ് മിക്സര്‍ അടക്കം ആക്രമികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചതായി കമ്പനി അധികൃതരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കമ്പനിക്കു സംഭവിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.