ഉപ്പുതറ സർക്കാർ ആശുപത്രിയിൽ കിടത്തിച്ചികിത്സ നിർത്തി
1460839
Monday, October 14, 2024 2:24 AM IST
ഉപ്പുതറ: ബ്ലോക്ക് കമ്യൂണിറ്റി സെന്റർ പദവി നഷ്ടമായ ഉപ്പുതറ സർക്കാർ ആശുപത്രിയിൽ കിടത്തിച്ചികിത്സ നിർത്തി. വൈകുന്നേരം ആറു മുതൽ രാവിലെ ഒൻപതുവരെ ഡോക്ടറുടെ സേവനം ലഭിക്കില്ലെന്ന് കഴിഞ്ഞ വെള്ളിയാഴ്ച അറിയിപ്പു ബോർഡും സ്ഥാപിച്ചു.
രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന താത്കാലിക ഡോക്ടർ ഇവിടുത്തെ സേവനം അവസാനിപ്പിച്ച് മറ്റൊരു ആശുപത്രിയിലേക്കു മാറുകയും ചെയ്തു. ഹൈറേഞ്ചിലെ ആദ്യത്തെ സർക്കാർ ആശുപത്രിയാണ് ഉപുതറയിലേത്. 1948ൽ തുടങ്ങിയ ആശുപത്രി കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ആശുപത്രികളുടേയും സബ് സെന്ററുകളുടേയും ചുമതലയുള്ള ബ്ലോക്ക് കമ്യൂണിറ്റി ഹെൽത്ത് സെന്ററായിരുന്നു.
റവന്യൂ ബ്ലോക്ക് രൂപവത്കരണത്തിന്റെ ഭാഗമായി സർക്കാർ, ബ്ലോക്ക് സിഎച്ച്സി എന്ന പദവി ഇല്ലാതാക്കി. ഈ പദവി വണ്ടൻമേട് സിഎച്ച്സിക്കു നൽകി. ഇതോടെ സിവിൽ സർജൻ, ഹെൽത്ത് സൂപ്രവൈസർ, ലേഡീ ഹെൽത്ത് സൂപ്രവൈസർ, പിആർഒ എന്നീ തസ്തികയും ഇല്ലാതായി. ഭാവിയിൽ ഇതിന് അനുസൃതമായി മറ്റു തസ്തികയും ഇല്ലാതാകും.
കണ്ണംപടി വന മേഖലയിലെ 12 ആദിവാസി ഗ്രാമങ്ങളിലേയും 25 വർഷമായി പൂട്ടിക്കിടക്കുന്ന നാലു തോട്ടങ്ങളിലേയും പാവപ്പെട്ട രോഗികൾ ചികിത്സ തേടുന്ന ആശുപത്രിയാണ് തരം താഴ്ത്തിയത്. ഇക്കാര്യത്തിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് കിടത്തിച്ചികിത്സയും നിർത്തിയത്.
തിങ്കളാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പുതറ വളകോട്, ചപ്പാത്ത്, മാട്ടുക്കട്ട യൂണിറ്റുകളുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തും. ഒപ്പുശേഖരണം നടത്തി ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. ചൊവ്വാഴ്ച ആശുപത്രിക്കു മുന്നിൽ അഞ്ചാം വാർഡ് കുടുംബശ്രീ പ്രതിഷേധ പ്രകടനവും ധർണയും നടത്തും. ബുധനാഴ്ച ബിജെപി പഞ്ചായത്ത് കമ്മറ്റി ഒപ്പുശേഖരണം നടത്തും.