നഗരസഭാ ഭരണം: കോണ്‍ഗ്രസ്-ലീഗ് ഭിന്നതയ്ക്ക് പരിഹാരമായതായി നേതാക്കൾ
1459653
Tuesday, October 8, 2024 6:45 AM IST
തൊടുപുഴ: മുസ്ലിം ലീഗ് കൗണ്‍സിലർമാരുടെ പിന്തുണയോടെ നഗരസഭയിൽ എൽഡിഎഫ് അധികാരത്തിലെത്തിയതിനു പിന്നാലെ കോണ്‍ഗ്രസും ലീഗും തമ്മിലുണ്ടായ അഭിപ്രായഭിന്നതയ്ക്ക് പരിഹാരമായെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
പ്രശ്നം പരിഹരിക്കുന്നതിനു യുഡിഎഫ് സംസ്ഥാന സമിതി നിയോഗിച്ച സബ് കമ്മിറ്റിയംഗങ്ങളായ ജോസഫ് വാഴയ്ക്കൻ, മോൻസ് ജോസഫ് എംഎൽഎ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ എന്നിവർ തൊടുപുഴയിലെത്തി ജില്ലയിലെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ ധാരണ ഇന്നലെ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എംഎൽഎ എന്നിവർക്കു മുന്‍പാകെ സമർപ്പിച്ചു. തുടർന്ന് നേതാക്കൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരമായി. ഇതനുസരിച്ച് ഇന്ന് തൊടുപുഴയിൽ നടക്കുന്ന യുഡിഎഫിന്റെ പ്രതിഷേധ സദസ് ഉൾപ്പെടെയുള്ള എല്ലാ പരിപാടികൾക്കും ജില്ലയിലെ യുഡിഎഫ് കക്ഷികൾ ഒറ്റക്കെട്ടായി പങ്കെടുക്കണമെന്നും നേതാക്കൾ നിർദേശം നൽകി.
എന്നാൽ, ജില്ലയിലെ മുസ്ലിം ലീഗ് നേതൃത്വത്തിന് ഇപ്പോഴുള്ള ധാരണയിൽ പൂർണ തൃപ്തിയില്ലെന്നാണ് സൂചന. ജില്ലയിലെ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കളെ വെവ്വേറെയിരുത്തിയാണ് സംസ്ഥാന സമിതി നിയോഗിച്ച സബ് കമ്മിറ്റിയംഗങ്ങൾ ചർച്ച നടത്തിയത്.
തിരുവനന്തപുരത്തു നടത്തിയ ചർച്ചയ്ക്കു ശേഷം ജില്ലയിലെ നേതാക്കളെ ഒരുമിച്ചിരുത്തി ഒരു ചർച്ചകൂടി നടത്തുമെന്ന് മൂന്ന് സബ് കമ്മിറ്റി അംഗങ്ങൾ ഉറപ്പു നൽകിയിരുന്നെന്നും ഇതു പാലിക്കാത്തതിനാലാണ് ഒരു വിഭാഗം ലീഗ് നേതാക്കൾക്ക് അതൃപ്തിയുള്ളതുമെന്നാണ് സൂചന. അതിനാൽ ഇന്ന് നടക്കുന്ന യുഡിഎഫിന്റെ പ്രതിഷേധ സദസിൽ ലീഗ് പൂർണമായും പങ്കെടുക്കില്ലെന്നാണ് വിവരം.
ഓഗസ്റ്റ് 12നു നടന്ന നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ ഘടകകക്ഷികളായ കോണ്‍ഗ്രസും മുസ്ലിംലീഗും ഓരോ സ്ഥാനാർഥികളെ വീതം നിറുത്തിയതോടെയാണ് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും യുഡിഎഫിന് ഭരണം കൈവിട്ടുപോയത്. മ
മൂന്നു ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ എല്ലാവരെയും ഞെട്ടിച്ച് മുസ്ലിം ലീഗ് എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തോടെയാണ് ഇടതുപക്ഷത്തിന് ഭരണം കിട്ടിയത്. തുടർന്ന് ദിവസങ്ങളോളം ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം വാക്പോര് തുടർന്നു. യുഡിഎഫുമായി സഹകരിക്കില്ലെന്നും ലീഗ് വ്യക്തമാക്കിയിരുന്നു.