ഇടുക്കി നഴ്സിംഗ് കോളജിന് സ്ഥലം ഉടന്‍ ലഭ്യമാക്കണം: പിടിഎ
1459383
Monday, October 7, 2024 3:05 AM IST
ചെറുതോണി: ഇടുക്കിയിൽ ഗവൺമെന്റ് നഴ്സിംഗ് കോളജ് ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും രണ്ടാം വര്‍ഷം പ്രവേശനം പൂര്‍ത്തീകരിച്ചിട്ടും നാളിതുവരെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ പിടിഎ ജനറൽ ബോഡി യോഗം ആശങ്ക രേഖപ്പെടുത്തി.
കെട്ടിടനിര്‍മാണത്തിന് എസ്റ്റിമേറ്റ് ചോദിച്ച് പിഡബ്ല്യുഡി കത്ത് നല്‍കിയിട്ടും നഴ്സിംഗ് കോളജിന് അനുവദിച്ചുളള സ്ഥലം നിര്‍ണയിച്ച് നൽകാന് മെഡിക്കല്‍ കോളജ് അധികൃതര്‍ തയാറായിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
ഇതിനെതിരേ വകുപ്പ് മന്ത്രി, സ്ഥലം എംഎല്‍എ, ജലവിഭവ വകുപ്പ് മന്ത്രി, ഡിഎംഇ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ എന്നിവര്‍ക്ക് പിടിഎ നിവേദനം നൽകിയിരുന്നു.
പുതിയ ബാച്ചിന്റെ അഡ്മിഷന് നടപടികള്‍ പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ നിലവിലുളള പരിമിതമായ സൗകര്യങ്ങള്‍ അടിയന്തരമായി വർധിപ്പിക്കാൻ നടപടികള്‍ സ്വീകരിക്കണമെന്ന് സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു. കോളജ് പ്രിന്‍സിപ്പൽ പ്രഫ. വി.എ. സുലോചന യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.എം. കാസിം അധ്യക്ഷത വഹിച്ചു.
പിടിഎ സെക്രട്ടറി കെ.എസ്. ഷിജി, നീതു ബാബുരാജ്, വി.കെ. സലീംകുമാര്‍, മാമന് വര്‍ഗീസ്, പി.ആർ. രാജിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.