ലോറി മോഷണം: യുവാവ് റിമാൻഡിൽ
1459173
Sunday, October 6, 2024 2:08 AM IST
പീരുമേട്: രാത്രിയിൽ നിർത്തിയിട്ടിരുന്ന ലോറി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. വ്യാഴാഴ്ച രാത്രിയായിരുന്നു ലോറി മോഷ്ടിച്ചുകൊണ്ടുപോകാൻ ശ്രമം നടന്നത്. തമിഴ്നാട്ടിൽനിന്നു ലോഡുമായി വന്ന ലോറിയുടെ ഡ്രൈവർ കുട്ടിക്കാനത്ത് ചായ കുടിക്കാനായി ഇറങ്ങിയപ്പോൾ ലോറി കടത്തിക്കൊണ്ടു പോകുകയായിരുന്നു.
ലോറിയുടെ എൻജിൻ ഓഫ് ആക്കാതെ ഹാൻഡ് ബ്രേക്ക് ഇട്ടാണ് ലോറി നിർത്തിയിരുന്നത്. കൊയിലാണ്ടി സ്വദേശിയായ നിമേഷ് വിജയൻ (40) ആണ് ലോറിയുമായി കടക്കാൻ ശ്രമിച്ചത്.
ഇൗ സമയം സ്ഥലത്തുണ്ടായിരുന്ന നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ അനീഷ് അക്ഷയ് എന്നീ പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ലോറിയെ പിന്തുടരുകയായിരുന്നു. പോലീസ് എത്തുന്നതിനു മുമ്പായി കുട്ടിക്കാനം ഐഎച്ച്ആർഡി കോളജിനു മുമ്പിൽ അമിതവേഗതയിൽ എത്തിയ ലോറി മറിഞ്ഞു. സമീപത്ത് റോഡരികിലെ കാട്ടിൽ ഒളിച്ചുനിന്ന മോഷ്ടാവിനെ അനീഷും അക്ഷയും ചേർന്ന് പിടികൂടി പീരുമേട് പോലീസിന് കൈമാറുകയായിരുന്നു.
കുട്ടിക്കാനത്തു സുഹൃത്തുക്കളെ കാണാൻ എത്തിയതായിരുന്നു മോഷ്ടാവ്. ഇയാളുടെ പേരിൽ കൊയിലാണ്ടി പോലീസിൽ ആറിലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. എക്സൈസ് ഉദ്യോഗസ്ഥനെ കുത്തിയ കേസിലും ഇയാൾ പ്രതിയാണ്.