വാഴത്തോപ്പിൽ എഇയെ സ്ഥലംമാറ്റി കാര്യാലയം പൂട്ടി: പ്രതിപക്ഷം പ്രക്ഷോഭത്തിലേയ്ക്ക്
1458947
Saturday, October 5, 2024 2:32 AM IST
ചെറുതോണി: ക്രമവിരുദ്ധനടപടികൾക്ക് അനുമതി നിഷേധിച്ചതിന്റെ പേരിൽ വാഴത്തോപ്പ് പഞ്ചായത്തിലെ അസി. എൻജിനിയറെ സ്ഥലംമാറ്റി ഓഫീസ് കാര്യാലയം അടച്ചുപൂട്ടി. ഇതിനെതിരേ പ്രതിപക്ഷ അംഗങ്ങൾ പ്രക്ഷോഭത്തിലേക്ക്.
എൻജിനിയറെ സ്ഥലം മാറ്റിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പകരം നിയമനം നടത്തിയിട്ടില്ല. ഇതോടെ പദ്ധതി നിർവഹണം ഉൾപ്പെടെയുള്ള വികസന പ്രോജക്ടുകൾ എല്ലാം നിലച്ചിരിക്കുകയാണ്.
എൻജിനിയർക്കു പിന്നാലെ രണ്ട് ഓവർസീയർമാരെക്കൂടി സ്ഥലംമാറ്റിയതോടെ ഓഫീസ് അടച്ചുപൂട്ടുകയായിരുന്നു. കാര്യാലയത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു.
ഭരണമുന്നണിയിലെ ഘടകകക്ഷി ചെറുതോണിയിൽ നിർമിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസ് മന്ദിരത്തിന് അനുമതി നിഷേധിച്ചതാണ് എഇയെ സ്ഥലം മാറ്റാൻ കാരണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.
പഞ്ചായത്തിൽ അടിയന്തിരമായി എക്സിക്യൂട്ടീവ് എൻജിനിയറെയും ഓവർസിയറെയും നിയമിച്ച് വികസന നടപടികൾ കാര്യക്ഷമമാക്കിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ് അംഗങ്ങളായ വിൻസന്റ് വള്ളാടി,
ടിന്റു സുഭാഷ്, സെലിൻ വിത്സൺ, കുട്ടായി കറുപ്പൻ, പി.വി. അജേഷ്കുമാർ, ഏലിയാമ്മ ജോയി, ആലീസ് ജോസ് എന്നിവർ അറിയിച്ചു.