"ഗ്രാമശ്രീ, ഗ്രാമലക്ഷ്മി' കോഴിക്കുഞ്ഞ് വിതരണം
1458939
Saturday, October 5, 2024 2:31 AM IST
ഇടുക്കി: രൂപത സാമൂഹ്യ ക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ വഴി മികച്ചയിനം കോഴിക്കുഞ്ഞുങ്ങളുടെ വിതരണം ആരംഭിച്ചു.
കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കാൻ മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്നുള്ള ഗ്രാമശ്രീ, ഗ്രാമലക്ഷ്മി ഇനത്തിൽപ്പെട്ട കോഴികളെയാണ് വിതരണം ചെയ്യുന്നത്.
വാക്സിൻ നൽകിയ, അന്‍പത് ദിവസം പ്രായമായ അയ്യായിരത്തോളം മുട്ടക്കോഴി കുഞ്ഞുങ്ങളെയാണ് ഗിരിജ്യോതി സ്വാശ്രയ സംഘങ്ങൾ വഴി വിതരണം ചെയ്യുന്നത്.
ആദ്യഘട്ടത്തിന്റെ വിതരണോദ്ഘാടനം ഇടുക്കി രൂപതാ വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ ഇരട്ടയാറിൽ നിർവഹിച്ചു. ഇവ 85 ദിവസംകൊണ്ട് മുട്ടയിട്ടു തുടങ്ങും. വിതരണത്തിന് ക്രെഡിറ്റ് യൂണിയൻ സെൻട്രൽ കമ്മിറ്റി അംഗം റെജി ശൗര്യാംകുഴിയിൽ നേതൃത്വം നൽകി.
കുതിരക്കല്ല്, ഇരട്ടയാർ, സ്നേഹഗിരി എന്നിവിടങ്ങളിലായി ഒന്നാം ഘട്ടത്തിൽ 600 മുട്ടക്കോഴി ക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.