രാജാക്കാട് പഞ്ചായത്തിനോട് അവഗണനയെന്ന് ആക്ഷേപം
1458506
Thursday, October 3, 2024 1:34 AM IST
രാജാക്കാട്: പഞ്ചായത്തിനെ സർക്കാർ അവഗണിക്കുന്നതായി ആക്ഷേപം. പഞ്ചായത്തിൽ സെക്രട്ടറി, അസിസ്റ്റന്റ് എൻജിനിയർ, ഓവർസീയർ എന്നീ തസ്തികകളിൽ ആളില്ലാത്ത സ്ഥിതിയാണ്. കൃഷിഭവനിൽ കൃഷി ഓഫീസറുമില്ല.
മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന സിഎച്ച്സിയിൽ കിടത്തിച്ചികിത്സയില്ലാത്തതും ജനങ്ങളെ വലയ്ക്കുകയാണ്. പഞ്ചായത്ത് സെക്രട്ടറി സ്ഥലം മാറിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും പുതിയ സെക്രട്ടറി ചാർജെടുത്തിട്ടില്ല.
കൃഷി ഓഫീസറുടെ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരുവർഷത്തോളമായി. പുതിയ ഓഫീസറെ നിയമിക്കാൻ ഇനിയും നടപടിയായിട്ടില്ല. പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനിയർ, ഓവർസിയർ എന്നിവർ സ്ഥലം മാറിയിട്ട് ഒരു മാസത്തോളമായി. സേനാപതിയിലെ കൃഷി ഓഫീസറാണ് രാജാക്കാട് കൃഷിഭവന്റെ ചുമതല നോക്കുന്നത്.
സേനാപതി എഇയും ഉടുന്പൻചോലയിലെ ഓവർസീയറുമാണ് പകരം ചാർജ് വഹിക്കുന്നത്. ഇത് സമയത്ത് ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത അവസ്ഥയാണ്. പഞ്ചായത്ത് സെക്രട്ടറിമാരുടെ സ്ഥലംമാറ്റം കഴിഞ്ഞ ദിവസം നടന്നെങ്കിലും രാജാക്കാട്ടിൽ ഇനിയും ആളെ നിയമിച്ചിട്ടില്ല. അഞ്ചുകോടി രൂപ സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ വാടകക്കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്.
നാലുവർഷത്തിനിടെ ഒരു നിലയുടെ നിർമാണം മാത്രമാണ് പൂർത്തിയാക്കാനായത്. ഹോമിയോ ഡിസ്പെൻസറിയുടെ നിർമാണവും ഇഴഞ്ഞുനീങ്ങുകയാണ്. പഞ്ചായത്ത് പരിധിയിൽ അനുവദിച്ച ഫയർഫോഴ്സ് ഓഫീസിന്റെ പ്രവർത്തനവും ആരംഭിക്കാനായിട്ടില്ല.
ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ ഉദ്യോഗസ്ഥരെ അടിയന്തരമായി നിയമിക്കണമെന്നും പഞ്ചായത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.