മാലിന്യം തള്ളുന്നതിനെതിരേ ജനകീയ പ്രതിരോധം തീർക്കണം: മന്ത്രി റോഷി
1458501
Thursday, October 3, 2024 1:34 AM IST
ഇടുക്കി: പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരേ ജനകീയ പ്രതിരോധം സംഘടിപ്പിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി ജില്ലയെ ശുചിയാക്കുന്നതിനുള്ള ജനകീയ പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി ഗവ. കോളജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിയൻ ചിന്തകളിലൂന്നിയ പ്രവർത്തനങ്ങളിലൂടെ മതനിരപേക്ഷ നിലപാടുകൾ ഉയർത്തി പിടിക്കാൻ കഴിയണമെന്നും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയാണ് മാലിന്യ മുക്ത നവകേരളം പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടർ വി. വിഘ്നേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, ബ്ലോക്ക് പ്രസിഡന്റ് ആൻസി തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗം നിമ്മി ജയൻ, ഹരിത കേരള മിഷൻ കോ-ഓർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ, തദ്ദേശ സ്വയംഭരണ വകുപ്പ് അസി ഡയറക്ടർ ശ്രീലേഖ എന്നിവർ പ്രസംഗിച്ചു. ഹരിത കലാലയങ്ങൾ, ഹരിത ടുറിസം കേന്ദ്രം, മാതൃക ഹരിത സ്ഥാപനം എന്നിവയുടെ പ്രഖ്യാപനങ്ങളും മന്ത്രി നടത്തി.
ഗവ. എൻജനിയറിംഗ് കോളജ് ഇടുക്കി, ഗവ. പോളിടെക്നിക് കോളജ് നെടുങ്കണ്ടം, സെന്റ് ആന്റണീസ് കോളജ് പെരുവന്താനം, ന്യൂമാൻ കോളജ് തൊടുപുഴ, മോഡൽ പോളിടെക്നിക് കോളജ് പൈനാവ്,പാവനാത്മ കോളജ് മുരിക്കാശേരി, യൂണിവഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് മുട്ടം എന്നിവയാണ് ഹരിത കലായങ്ങൾ.
ഇടുക്കി ഹിൽവ്യൂ പാർക്ക് ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുത്തു. കട്ടപ്പന ജിഎസ്ടി ജോയിന്റ് കമ്മീഷണർ ഓഫീസാണ് മാതൃകാ ഹരിതസ്ഥാപനം. തങ്കമണി ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റ് വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 10,000 രൂപയുടെ ചെക്ക് ജില്ലാ കളക്ടർക്ക് കൈമാറി. തുടർന്ന് 500 ശുചിത്വ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ശുചീകരണം നടത്തി.
ലഹരിവിരുദ്ധ കൂട്ടയോട്ടം നടത്തി
ചെറുതോണി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ സ്റ്റുഡന്റസ് പോലീസിന്റെയും ജില്ലാ പോലീസിന്റെയും ആഭിമുഖ്യത്തിൽ ചെറുതോണിയിൽ ലഹരിവിരുദ്ധ ബോധവത്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ഫ്ളാഗ് ഓഫ് ചെയ്ത് കൂട്ടയോട്ടത്തിൽ പങ്കാളിയായി.
എസ്പിസി പ്രോജക്ട് ജില്ലാ നോഡൽ ഓഫീസർ ഡി.ശ്യാം ലാൽ, എസ്പിസി ഓഫീസ് സബ് ഇൻസ്പെക്ടർ അജി അരവിന്ദ് എന്നിവർ പ്രസംഗിച്ചു. ഇടുക്കി മെഡിക്കൽ കോളജിലെ ഡോ. ശ്രീനാഥ് ലഹരിവിരുദ്ധ സന്ദേശം നൽകി. ജില്ലാ സബ് ഡിവിഷൻ ഡിവൈഎസ്പി ജിൽസണ് മാത്യു, ഇടുക്കി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സന്തോഷ് സജീവ് തുടങ്ങിയവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി.
വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെയും പൈനാവ് എംആർഎസ് സ്കൂളിലെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, ഡിഐമാർ, സിപിഒമാർ,എസിപിഒമാർ പോലീസ് ഉദ്യോഗസ്ഥർ, സെൽഫ് ഡിഫൻസ് അംഗങ്ങൾ എന്നിവർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.
നാടെങ്ങും ഗാന്ധിജയന്തി ആഘോഷം
ഗാന്ധി ജയന്തിയോടനുബന്ധിച്ച് നാടെങ്ങും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ജില്ലാ ഭരണകൂടം, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സമുദായ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ പൊതു ശുചീകരണം സംഘടിപ്പിച്ചു.
വിവിധ ഇടങ്ങളിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗങ്ങളും സംഘടിപ്പിച്ചു.
ശുചീകരണ യജ്ഞത്തിന് ജനപ്രതിനിധികൾ,തദ്ദേശ സ്വയംഭരണം, ആരോഗ്യ വകുപ്പ് ജീവനക്കാർ, സ്കൂൾ, കോളജ് വിദ്യാർഥികൾ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ശുചീകരണ ജീവനക്കാർ, ഹരിത കർമസേന തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.