ആംബുലൻസ് ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
1458364
Wednesday, October 2, 2024 6:54 AM IST
തൊടുപുഴ: അമിത വേഗത്തിലെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരിയായ വയോധികയെ ഇടിച്ച് തെറിപ്പിച്ചു. തൊടുപുഴ കോതായിക്കുന്ന് ബൈപാസിൽ തിങ്കളാഴ്ച 2.20ഓടെയായിരുന്നു അപകടം. പിന്നീട് മറ്റൊരു കാറിന്റെ പിന്നിലിടിച്ചാണ് ആംബുലൻസ് നിന്നത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ പോത്താനിക്കാട് ചാത്തമറ്റം ചേന്നംകുളത്ത് വീട്ടിൽ സെലിൻ പോളിനെ (72) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു. ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. രോഗിയെ കയറ്റുന്നതിനായി കോട്ടയത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.