റവന്യുവകുപ്പിനെതിരേ ദേവികുളം എംഎൽഎ; ചൊക്രമുടി സംരക്ഷണസമിതി പ്രതിഷേധിച്ചു
1458354
Wednesday, October 2, 2024 6:54 AM IST
അടിമാലി: റവന്യു വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. എ. രാജ എംഎല്‍എ. ചൊക്രമുടി സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടന്ന ബൈസണ്‍വാലി വില്ലേജ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ചൊക്രമുടിയില്‍ റവന്യു ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിൽക്കുകയാണെന്ന് എംഎല്‍എ ആരോപിച്ചു.
ചൊക്രമുടിയെ സംരക്ഷിക്കുക, റവന്യു ഭൂമി കൈയേറിയവർക്കെതിരേ നടപടികള്‍ സ്വികരിക്കുക, ഭൂമാഫിയയ്ക്ക് ഒത്താശ ചെയ്ത റവന്യു-ഫോറസ്റ്റ് ഉദ്യോഗസ്ഥര്ക്കെതിരേ ശിഷാ നടപടികള്‍ സ്വീകരിക്കുക, സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കാരില്‍നിന്നു വീണ്ടെടുത്ത് സംരക്ഷിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബൈസണ്‍വാലി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചത്.
പൊട്ടന്‍കാട് ടൗണില്‍നിന്നു പ്രകടനമായി എത്തിയാണ് പ്രതിഷേധക്കാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് റോയിച്ചന് കുന്നേല്‍, സംരക്ഷണസമിതി ചെയര്മാന് വി.ബി. സന്തോഷ്, കണ്‍വീനര്‍ വി.കെ. ഷാബു, വൈസ് ചെയര്മാന് സി.ബി. ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്കി.