സുവര്‍ണ നേട്ടവുമായി ജൂവൽ
1458353
Wednesday, October 2, 2024 6:54 AM IST
നെടുങ്കണ്ടം: ജില്ലാ ജൂണിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സുവര്‍ണ നേട്ടവുമായി ജൂണിയര്‍ സാഫ് ഗെയിംസ് താരം. ആറ് മത്സരാര്‍ഥികളെ പരാജയപ്പെടുത്തിയാണ് ഹൈജംപില്‍ പെരുവന്താനം ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാഡമി അംഗമായ ജുവല്‍ തോമസ് സ്വര്‍ണമെഡല്‍ നേടിയത്. മുരിക്കിന്‍വയല്‍ ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി യാണ് ജുവല്‍ തോമസ്.
സ്കൂള്‍സ് നാഷണലില്‍ അണ്ടര്‍ 17 മത്സരത്തില്‍ 2.11 മീറ്റര്‍ ചാടി ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. അണ്ടര്‍ 18 യൂത്ത് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ 2.04 മീറ്റര്‍ ചാടി സില്‍വര്‍ മെഡല്‍, അണ്ടര്‍ 18 ഖേലോ ഇന്ത്യയില്‍ 2.04 ചാടി വെങ്കല മെഡല്‍ എന്നിവയും നേടിയിട്ടുണ്ട്.
ചെന്നൈയില്‍ നടന്ന ജൂണിയര്‍ സാഫ് ഗെയിംസില്‍ 2.04 ചാടി വെങ്കല മെഡലും ജുവല്‍ സ്വന്തമാക്കിയിരുന്നു. എരുമേലി പോലീസ് ക്യാമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ജെ. തോമസ്, പീരുമേട് സിപിഐ ഹൈസ്കൂള്‍ അധ്യാപിക ജിത എന്നിവരാണ് ജുവലിന്റെ മാതാപിതാക്കള്‍. നേവിയില്‍ പരിശീലകനായിരുന്ന സന്തോഷ് ജോര്‍ജാണ് കോച്ച്. ഇദ്ദേഹം രണ്ടര വര്‍ഷമായി ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമിയിലെ പരിശീലകനാണ്.