ജലാശയങ്ങളിൽ മുങ്ങി മരണങ്ങൾ ആവർത്തിക്കുന്നു ; അഞ്ചു വർഷത്തിനിടെ 150-ഓളം മുങ്ങി മരണം
1454479
Thursday, September 19, 2024 11:31 PM IST
തൊടുപുഴ: നിരന്തരം മുന്നറിയിപ്പുകൾ നൽകിയിട്ടും അവധിക്കാലത്ത് വിദ്യാർഥികളുടെ മുങ്ങി മരണങ്ങൾ ജില്ലയിൽ ആവർത്തിക്കുന്നു. രണ്ടു കുടുംബങ്ങൾക്കു കടുത്ത വേദന നൽകിയാണ് ഇന്നലെ ഇരട്ടയാർ ടണലിൽ ഒരു കുട്ടി വെള്ളത്തിൽ മുങ്ങി മരിക്കുകയും എട്ടുവയസുകാരനെ കാണാതാകുകയും ചെയ്തത്.
അവധിക്കാലം ആഘോഷിക്കാൻ ബന്ധുവീടുകളിൽ എത്തുന്ന കുട്ടികളാണ് ഇത്തരത്തിൽ അഗാധമായ ജലാശയങ്ങളിലും ടണലുകളിലും വെള്ളച്ചാട്ടങ്ങളിലും മുങ്ങി മരിക്കുന്നത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്പോഴും വിദ്യാലങ്ങളിലും മറ്റും ഇക്കാര്യത്തിൽ ആവശ്യത്തിനു ബോധവത്കരണം നൽകുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് വസ്തുത. വിദ്യാലയങ്ങൾ അടയ്ക്കുന്നതോടെ സംഘം ചേർന്നുള്ള അവധിയുടെ അടിപൊളി ആഘോഷങ്ങളാണ് പലപ്പോഴും അപകടങ്ങളിലേക്കു വഴി തുറക്കുന്നത്.
ഇരട്ടയാറിൽനിന്ന് ഇടുക്കി ജലാശയത്തിലേയ്ക്ക് വെള്ളമെത്തിക്കുന്ന ടണൽ മുഖത്താണ് ഇന്നലെ രാവിലെ രണ്ടു കുട്ടികൾ അപകടത്തിൽപ്പെട്ടത്. ഡാമിനോടു ചേർന്ന പ്രദേശത്ത് കളിക്കുന്നതിനിടെ പുഴയിലിറങ്ങിയ കുട്ടികൾ അപകടത്തിൽപെടുകയായിരുന്നെന്നാണ് സൂചന. നാലു പേരടങ്ങുന്ന സംഘത്തിലെ രണ്ടു പേരാണ് അപകടത്തിൽപ്പെട്ടത്. കായംകുളം സ്വദേശി പൊന്നപ്പന്റെയും രജിതയുടെയും മകൻ അന്പാടി ആണ് മരിച്ചത്. ഉപ്പുതറ മാട്ടുതാവളം സ്വദേശികളായ രതീഷ് -സൗമ്യ ദന്പതികളുടെ മകൻ അക്കുവിനെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം വരെ നടത്തിയ തെരച്ചിലിലും കുട്ടിയെ കണ്ടെത്താനായില്ല. ജലാശയത്തിനു പുറമെ ഇന്ന് ടണലിനുള്ളിൽ ഡ്രോണ് ഉപയോഗിച്ചും തെരച്ചിൽ നടത്തും.
വേനൽ അവധിക്കാലത്താണ് പല കുടുംബങ്ങൾക്കും തോരാത്ത കണ്ണീർ നൽകി മുങ്ങി മരണങ്ങൾ വ്യാപകമാകുന്നത്. 2019 മുതൽ പരിശോധിച്ചാൽ 150-ഓളം മുങ്ങി മരണങ്ങൾ ഇതിനോടകം ജില്ലയിൽ ഉണ്ടായതായാണ് കണക്ക്. ഇതിൽ ഏറെയും അവധിക്കാലത്തുണ്ടായതാണ്. ജീവൻ പൊലിഞ്ഞവരിലേറെയും കുട്ടികളാണ്. വേനലവധിക്കാലത്ത് മരിച്ച കുട്ടികളിൽ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരും ഉൾപ്പെടും.
പുഴകളിലും ജലാശയങ്ങളിലും പതിയിരിക്കുന്ന ചതിക്കുഴികൾ അറിയാതെയാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ അപകടത്തിലേക്ക് എടുത്തു ചാടുന്നത്. നീന്തൽ അറിയുന്നവരും അല്ലാത്തവരും പുഴയും കുളങ്ങളും കാണുന്ന ആവേശത്തിൽ വെള്ളത്തിലേക്കിറങ്ങുന്നത് അപകടത്തിനു വഴി വയ്ക്കുന്നു. പുഴകളിലും തോടുകളിലും സംഘം ചേർന്ന് കുളിക്കാനിറങ്ങുന്ന കുട്ടികൾ അപകടത്തിൽ പെടുന്നതു നാടിന് ഏറെ നൊന്പരമാണ് സൃഷ്ടിക്കുന്നത്. ഒരാൾ വെള്ളത്തിൽ അകപ്പെടുന്പോൾ രക്ഷിക്കാൻ ചാടുന്നവരും അപകടത്തിൽപ്പെടുന്നുണ്ട്. വിവരമറിഞ്ഞ് ഓടിയെത്തുന്ന നാട്ടുകാർക്ക് പോലും രക്ഷിക്കാനാകാത്ത വിധം അപകടത്തിന്റെ വ്യാപ്തി കൂടിയിരിക്കും. ജലാശയങ്ങളിലെ കയങ്ങളിലും അടിയൊഴുക്കുള്ള നദികളിലും പതിയിരിക്കുന്ന കെണികൾ കാണാതെയാണ് പലരും അപകടത്തിലേക്ക് ഇറങ്ങുന്നത്.
ജലാശയങ്ങളും മറ്റുമുള്ള മേഖലയിലേയ്ക്ക് കുട്ടികളെ അയയ്ക്കരുതെന്ന കാര്യത്തിൽ പല മാതാപിതാക്കളും ബോധവാൻമാരല്ലെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. മുതിർന്നവർ ഒപ്പമുണ്ടെങ്കിൽപോലും കുട്ടികൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്. അവധിക്ക് ബന്ധുവീടുകളിൽ പോകുന്ന കുട്ടികളോട് മുതിർന്നവരില്ലാതെ കൂട്ടുകാരുടെ കൂടെ വെള്ളത്തിൽ മീൻ പിടിക്കാനോ യാത്രക്കോ കുളിക്കാനോ കളിക്കാനോ പോകരുതെന്ന് പ്രത്യേകം നിർദേശിക്കണം.
ഇത്തരത്തിൽ അവധിക്കാലത്ത് പോകുന്ന വീടുകളിലെ മുതിർന്നവരെയും ഇക്കാര്യം ഓർമിപ്പിക്കുന്നത് നല്ലതാണെന്നും ഫയർഫോഴ്സ് അധികൃതർ ചൂണ്ടിക്കാട്ടി. ഫയർഫോഴ്സിന്റെ സ്കൂബാ ടീമാണ് പലപ്പോഴും വെള്ളത്തിലകപ്പെടുന്നവരെ കണ്ടെത്താൻ ജില്ലയിൽ ഉടനീളം ഓടിയെത്തുന്നത്. തൊടുപുഴ സ്റ്റേഷനിൽ പരിശീലനം ലഭിച്ച ടീമംഗങ്ങളും സ്കൂബാ വാഹനവും ഫയർഫോഴ്സിനുണ്ട്. ജില്ലയിൽ ഒട്ടേറെ സ്ഥലങ്ങളിൽ ഇവർ രക്ഷാ പ്രവർത്തനം നടത്തിയിട്ടുണ്ട്.
സുരക്ഷിതരാക്കണം കുട്ടികളെ
ജലസുരക്ഷയെപ്പറ്റി കുട്ടികളെ ബോധവത്കരിക്കുക, അവധിക്കാലത്ത് നീന്തൽ പരിശീലിപ്പിക്കുക. ജലാശയങ്ങളിൽ ഇറങ്ങുന്നതിനു മുന്പ് പ്രദേശവാസികൾ നൽകുന്ന മുന്നറിയിപ്പുകളും അപകട സൂചന നിർദേശങ്ങളും അവഗണിക്കാതിരിക്കുക. വിനോദ യാത്രാ വേളകളിൽ വെള്ളത്തിൽ ഇറങ്ങുന്പോൾ അപകടം പറ്റിയാൽ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതുക. ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാൻ വെള്ളത്തിലേക്ക് എടുത്തു ചാടരുത്. കയറോ കന്പോ തുണിയോ നീട്ടിക്കൊടുത്ത് വലിച്ചു കയറ്റുന്നതാണ് സുരക്ഷിതം.
വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം ചിലപ്പോൾ കാണുന്നതിനേക്കാൾ കുറവായിരിക്കാം. ചെളിയിൽ പൂണ്ടു പോകാനും തല പാറയിൽ ഇടിക്കാനും സാധ്യതയുണ്ട്. ആഴം ഇല്ലാത്തതു പോലും സുരക്ഷിതമല്ല. ബാലൻസ് തെറ്റിയാൽ ഒരടി വെള്ളത്തിൽ പോലും മുങ്ങി മരണം സംഭവിക്കാം. നേരം ഇരുട്ടിയതിനു ശേഷം ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്.സുഖമില്ലാത്തപ്പോഴോ മരുന്നുകൾ കഴിക്കുന്പോഴോ കുട്ടികൾ വെള്ളത്തിൽ ഇറങ്ങാതിരിക്കാനും ശ്രദ്ധിക്കണം.